തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു. ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കത്തെ തുടർന്നാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പാർട്ടി അധ്യക്ഷൻ അറിയിച്ചതായാണ് വിവരം. രാജി പിൻവലിച്ചതോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച രാജി സന്ദേശവും ശ്രീലേഖ നീക്കം ചെയ്തു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ രാജിവച്ചെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ച് കത്ത് നൽകിയെന്ന് ശാസ്തമംഗലത്തെ ‘കൗൺസിലർ അറിയിപ്പ്’ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ അറിയിച്ചിരുന്നു. കത്തിന്റെ പകർപ്പ് തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് നൽകുമെന്നും വ്യക്തമാക്കിയിരുന്നു. തനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ശ്രീലേഖയുടെ രാജിവിവരം അറിഞ്ഞത് വാർത്തകളിലൂടെയാണെന്നായിരുന്നു മേയർ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും പ്രതികരണം.
ശ്രീലേഖയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതൃത്വം. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാതെ മേയർക്ക് കൈമാറിയത് ഒത്തുതീർപ്പ് ചർച്ചകൾക്ക് അവസരമൊരുക്കാനാണെന്ന് പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. മേയറുമായി ഇടഞ്ഞുനിൽക്കുന്ന ശ്രീലേഖയ്ക്ക് പുതിയ പദവികൾ നൽകുമോയെന്നതാണ് ഇനി അറിയേണ്ടത്.
