ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ സ്മിത്തിനെ നെതന്യാഹു ക്ഷണിച്ചു. അദ്ദേഹത്തെ ഇന്ത്യയുടെയും ഇസ്രയേലിന്റെയും മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ഹീറോയെന്നും വിശേഷിപ്പിച്ച നെതന്യാഹു എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ നടന്ന ആക്രമണത്തെക്കുറിച്ച് സ്മിത്ത് മച്ചാർ നെതന്യാഹുവിനോട് വിശദീകരിച്ചു. ഇസ്രയേലി യാത്രക്കാരിൽനിന്ന് സംഭവത്തിന്റെ വിവരങ്ങൾ അറിഞ്ഞതായും സ്മിത്ത് മച്ചാറും മറ്റ് ജീവനക്കാരും നിരവധി പേരുടെ ജീവൻ രക്ഷിച്ചതായും നെതന്യാഹു പറഞ്ഞു. വലിയ ഭീഷണികളെപ്പോലും ധീരതയോടെ നേരിടാൻ പൈലറ്റിനും യാത്രക്കാർക്കും കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത സ്മിത്തിനെ എല്ലാവരും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിലെ ജനങ്ങൾ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നെതന്യാഹു ഉറപ്പുനൽകി.
സ്മിത്തിന്റെ ഭാര്യയോടും കുടുംബത്തോടും അന്വേഷണം അറിയിച്ച നെതന്യാഹു, ലോകരാഷ്ട്രങ്ങളുടെ കുടുംബത്തിലെ ധീരനായ അംഗമാണ് അദ്ദേഹമെന്നും പറഞ്ഞു. സ്മിത്തിന്റെ ധീരതയിൽ അത്ഭുതപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനം സാധാരണ നിലയിൽ പറക്കുന്നതിനിടെ പ്രാർഥിക്കണമെന്ന് പറഞ്ഞ് സഹപൈലറ്റ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു. സഹപൈലറ്റ് പ്രാർഥിക്കുമ്പോൾ ബഹുമാനസൂചകമായി മുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഇതിനിടെ തലയ്ക്കു പിന്നിൽ ശക്തമായ അടിയേറ്റു. ആദ്യം വിമാനത്തിന് എന്തോ തകരാർ സംഭവിച്ചതാണെന്നാണ് കരുതിയത്. തുടർച്ചയായി മർദനമേറ്റപ്പോഴാണ് സഹപൈലറ്റാണ് ആക്രമിക്കുന്നതെന്ന് മനസ്സിലായതെന്നും അദ്ദേഹം വിശദീകരിച്ചു.
ആദ്യത്തെ അടിയേറ്റപ്പോൾ തന്നെ അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും കാഴ്ച മങ്ങിയതോടെ വിമാനം അതിവേഗം താഴേക്ക് പതിച്ചു. കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അക്രമി അത് വീണ്ടും അടച്ചു. യാത്രക്കാരുടെ നിലവിളി കേട്ട് കോക്പിറ്റിന്റെ തറയിൽ കിടന്നതും ഓർമയുണ്ടെന്ന് സ്മിത്ത് പറഞ്ഞു. സംഭവത്തിലെ തുടർന്നുള്ള കാര്യങ്ങൾ വ്യക്തമായി ഓർക്കുന്നില്ലെന്നും അദ്ദേഹം നെതന്യാഹുവിനോട് വ്യക്തമാക്കി.
സെപ്റ്റംബർ 30നാണ് ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി സ്മിത്ത് മച്ചാറിനെ ആക്രമിച്ചത്. വിമാനം തകർക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് അക്രമിയെ ചെറുക്കുകയും കോക്പിറ്റിന്റെ വാതിൽ തുറക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കി. ഡ്യൂട്ടിയിലില്ലാതിരുന്ന രണ്ട് പൈലറ്റുമാർ കൂടി വിമാനത്തിലുണ്ടായിരുന്നതിനാൽ അവർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം സുരക്ഷിതമായി നിലത്തിറക്കി.
