കേരളത്തിന്റെ സ്വപ്നതീരമായ വിഴിഞ്ഞത്ത് മറ്റൊരു വലിയ സ്വപ്നത്തിന് കൂടി തിരിതെളിഞ്ഞിരിക്കുകയാണ്-‘മിഷൻ സമുദ്ര’. ഒരു തുറമുഖം എന്നതിനപ്പുറം കേരളത്തെ ആഗോള വാണിജ്യ-ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിൽ. 590 കിലോമീറ്ററോളം നീളുന്ന തീരവും അന്താരാഷ്ട്ര കപ്പൽപാതയോട് ചേർന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും കേരളത്തിന് പ്രകൃതി കനിഞ്ഞുനൽകിയ വലിയ സാധ്യതകളാണ്. ആ സാധ്യതകളെ സാമ്പത്തിക വളർച്ചയുടെ പുതിയ അധ്യായമാക്കി മാറ്റാനുള്ള ശ്രമമാണ് മിഷൻ സമുദ്ര. വിഴിഞ്ഞം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിന്റെ വാണിജ്യ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്കാണ് സാധ്യത. നിലവിൽ രാജ്യാന്തര ചരക്കുനീക്കത്തിന്റെ വലിയൊരു പങ്കും കൊളംബോ, ജബൽ അലി തുടങ്ങിയ ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. ചരക്കുകൾക്ക് അധിക സമയവും ചെലവും ആവശ്യപ്പെടുന്ന ഈ സംവിധാനം മാറി, അന്താരാഷ്ട്ര കപ്പൽപാതയോട് ചേർന്നുള്ള വിഴിഞ്ഞം നേരിട്ടുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രമായി മാറിയാൽ കേരളത്തിന്റെ വ്യാപാരമേഖലയ്ക്ക് പുതിയ വേഗം കൈവരും. ഇത് ഒരു തുറമുഖത്തിന്റെ മാത്രം നേട്ടമാകില്ല. കൃഷി, മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, കൈത്തറി, ചെറുകിട വ്യവസായം, ഐ.ടി., ടൂറിസം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് തുടങ്ങി സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലേക്ക് അതിന്റെ ചലനം വ്യാപിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാനാകും. വലിയ വ്യവസായ സ്ഥാപനങ്ങൾക്കൊപ്പം ചെറുകിട സംരംഭകർക്കും പുതിയ വിപണികൾ തുറക്കപ്പെടും. എന്നാൽ തുറമുഖത്തിന്റെ വലുപ്പം മാത്രം വികസനത്തിന്റെ അളവുകോലാകരുത്. അതിനോടൊപ്പം ആവശ്യമായ തീരദേശ കണക്ടിവിറ്റി, റോഡ്-റെയിൽ ശൃംഖല, വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ, ലോജിസ്റ്റിക് പാർക്കുകൾ, കസ്റ്റംസ്-കയറ്റുമതി സൗകര്യങ്ങൾ എന്നിവയും സമയബന്ധിതമായി ഒരുക്കണം. തുറമുഖത്ത് കപ്പലുകൾ എത്തുകയും ചരക്കുകൾ ഇറക്കുകയും ചെയ്താൽ മാത്രം മിഷൻ സമുദ്ര വിജയിക്കില്ല. തുറമുഖത്തുനിന്ന് കേരളത്തിന്റെ ഓരോ ഉൽപ്പാദന കേന്ദ്രത്തിലേക്കും അവിടെനിന്ന് രാജ്യാന്തര വിപണിയിലേക്കുമുള്ള തടസ്സമില്ലാത്ത ശൃംഖല രൂപപ്പെടുമ്പോഴാണ് പദ്ധതിയുടെ യഥാർഥ പ്രയോജനം ലഭിക്കുക. അതോടൊപ്പം വികസനത്തിന്റെ മറുവശവും മറക്കരുത്. കടലും തീരവും വെറും സാമ്പത്തിക വിഭവങ്ങളല്ല; ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവനവും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീരദേശ മണ്ണൊലിപ്പ്, കടൽ ജൈവവൈവിധ്യം, മത്സ്യസമ്പത്ത്, കടലിന്റെ സ്വാഭാവിക ഒഴുക്ക് തുടങ്ങിയവയെ പദ്ധതികൾ എങ്ങനെ ബാധിക്കുമെന്നതിൽ ശാസ്ത്രീയവും സ്വതന്ത്രവുമായ പഠനം അനിവാര്യമാണ്. വികസനത്തിന്റെ പേരിൽ പ്രകൃതിക്ക് തിരിച്ചടിയുണ്ടാകുകയും അതിന്റെ വില തീരദേശ ജനത അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ആശങ്കകൾ കേൾക്കണം. നിലവിലുള്ള തൊഴിൽ-ഉപജീവന സംവിധാനങ്ങൾക്ക് ഉണ്ടാകാനിടയുള്ള ആഘാതങ്ങൾ മുൻകൂട്ടി വിലയിരുത്തി ബദൽ സംവിധാനങ്ങൾ ഒരുക്കണം. വികസനത്തിന്റെ ഗുണഭോക്താക്കളായി അവരെയും മാറ്റിയെടുക്കുകയാണ് വേണ്ടത്; വികസനത്തിന്റെ ഇരകളാക്കി മാറ്റുകയല്ല. കേരളം ഇതുവരെ പ്രധാനമായും റബർ, നാളികേരം തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങളെയും സേവനമേഖലയെയും ആശ്രയിച്ചാണ് വളർന്നത്. ഇനി കടലിന്റെ സാമ്പത്തിക സാധ്യതകളിലേക്ക് കൂടി കേരളം കണ്ണുതുറക്കേണ്ട സമയമാണ്. സമുദ്രാധിഷ്ഠിത വ്യവസായം, മത്സ്യബന്ധന മൂല്യവർധിത ഉൽപ്പന്നങ്ങൾ, മറൈൻ ടൂറിസം, കപ്പൽ അറ്റകുറ്റപ്പണി, സമുദ്ര ഗവേഷണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വലിയ സാധ്യതകളുണ്ട്. എന്നാൽ അതിനായി പ്രഖ്യാപനങ്ങൾ മാത്രം പോരാ. വിദഗ്ധരുടെ അഭിപ്രായം കേൾക്കണം, കൃത്യമായ പഠനങ്ങൾ നടത്തണം, പ്രാദേശിക സമൂഹത്തെ പങ്കാളികളാക്കണം. രാഷ്ട്രീയത്തിനപ്പുറം ദീർഘകാല കേരള വികസനത്തിന്റെ കാഴ്ചപ്പാടിലാണ് മിഷൻ സമുദ്രയെ കാണേണ്ടത്. വിഴിഞ്ഞം ഒരു തുറമുഖമായി വളരുമ്പോൾ അതിനൊപ്പം കേരളത്തിന്റെ പുതിയ സാമ്പത്തിക സംസ്കാരവും വളരണം. കടലിൽനിന്ന് സമ്പത്ത് നേടുമ്പോൾ കടലിനെ സംരക്ഷിക്കാനും കഴിയണം. വികസനത്തിന്റെ വേഗതയ്ക്കൊപ്പം പരിസ്ഥിതിയുടെ കരുതലും മനുഷ്യരുടെ അവകാശങ്ങൾക്കുള്ള പരിഗണനയും ഉണ്ടാകണം. വിഴിഞ്ഞത്ത് വിതയ്ക്കുന്ന മിഷൻ സമുദ്രയുടെ വിത്ത് നൂറുമേനി വിളയണമെങ്കിൽ കടലിനെയും കരയെയും ജനങ്ങളെയും ഒരുപോലെ ചേർത്തുപിടിച്ചേ മുന്നോട്ട് പോകാവൂ. കേരളത്തിന്റെ ഭാവി തിരമാലകൾക്കപ്പുറത്താണ്-ആ തിരമാലകളെ അവസരമാക്കി മാറ്റുക എന്നതാണ് ഇനി നമ്മുടെ ദൗത്യം.
3
