Home Editorialതെരുവ് യുദ്ധം കൊണ്ട് എന്തു നേടും..?

തെരുവ് യുദ്ധം കൊണ്ട് എന്തു നേടും..?

by news_desk
0 comments

പ്രതിഷേധം അവകാശമാണ്; അക്രമവും വഴിതടയലും ജനാധിപത്യത്തിന്റെ വഴിയല്ല

കേരളത്തിന്റെ രാഷ്ട്രീയ പ്രതിഷേധങ്ങൾ കൈവിട്ടുപോകുന്നുവോ എന്ന ചോദ്യം ഇന്ന് ഗൗരവത്തോടെ ഉന്നയിക്കേണ്ട സമയമാണിത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴമൊഴിയുടെ അവസ്ഥയിലേക്ക് രാഷ്ട്രീയ പോരാട്ടങ്ങൾ മാറരുത്. പ്രതിഷേധത്തിന്റെ ഭാവവും രൂപവും മാറുന്നതിനനുസരിച്ച് നാടിന്റെ ശാന്തിയും സമാധാനവും ജനങ്ങളുടെ സ്വസ്ഥതയും തകരുന്ന സാഹചര്യം ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് ഭൂഷണമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം മുതൽ കേരളത്തിൽ തുടർന്ന രാഷ്ട്രീയ സംഘർഷങ്ങൾ ക്രമേണ കൂടുതൽ രൂക്ഷമായ രൂപങ്ങളിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം, വിവിധ ഭാഗങ്ങളിൽ മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എന്നിവയ്ക്കൊടുവിൽ മന്ത്രിയുടെ വാഹനത്തിനുനേരെയുണ്ടായ ആക്രമണം വരെയെത്തിയ സംഭവപരമ്പര ആശങ്കപ്പെടുത്തുന്നതാണ്. പ്രതിഷേധം ആശയത്തിന്റെ ശക്തിയിൽനിന്ന് തെരുവിലെ ശക്തിപ്രകടനത്തിലേക്ക് മാറുമ്പോൾ നഷ്ടപ്പെടുന്നത് രാഷ്ട്രീയ എതിരാളിക്കു മാത്രമല്ല; പൊതുസമൂഹത്തിനാണ്. രാഷ്ട്രീയ സംഘർഷങ്ങൾ കേരളത്തിന് പുതുമയുള്ളതല്ല. ഭരണപക്ഷവും പ്രതിപക്ഷവും വിവിധ കാലങ്ങളിൽ സമരങ്ങളും പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും നേരിട്ടിട്ടുണ്ട്. എന്നാൽ പ്രതിഷേധത്തിന് ജനാധിപത്യപരമായ പരിധികളുണ്ട്. യൂത്ത് കോൺഗ്രസ് ആയാലും ഡി.വൈ.എഫ്.ഐ ആയാലും യുവമോർച്ച ആയാലും-പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്; മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കാനുള്ള അവകാശം ആർക്കുമില്ല. സാധാരണക്കാരനായാലും മന്ത്രിയായാലും വിദ്യാർഥിയായാലും, രാജ്യത്തെ നിയമം അനുവദിക്കുന്ന സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷയും അവകാശമാണ്. വാഹനങ്ങൾ തടയുക, വഴിമുടക്കുക, ഓഫീസുകൾ ആക്രമിക്കുക, കൊടിതോരണങ്ങൾ വലിച്ചുകീറുകയോ കത്തിക്കുകയോ ചെയ്യുക, എതിരാളികൾക്കുനേരെ കല്ലും കുപ്പിയും മറ്റ് വസ്തുക്കളും എറിയുക-ഇവയെല്ലാം പ്രതിഷേധത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പരിധിയെക്കുറിച്ചുള്ള ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. പ്രതിഷേധം ജനങ്ങളുടെ ശബ്ദമാകണം; ജനങ്ങളുടെ സ്വസ്ഥത കവർന്നെടുക്കുന്ന ശബ്ദകോലാഹലമാകരുത്. ഇതോടൊപ്പം പൊലീസ് സംവിധാനത്തിന്റെ ഉത്തരവാദിത്വവും കൂടുതൽ പ്രസക്തമാകുന്നു. ഏതു പ്രതികൂല സാഹചര്യത്തെയും സമചിത്തതയോടെ നേരിടുകയും സംഘർഷം ഒഴിവാക്കുകയും ചെയ്യേണ്ട സംവിധാനമാണ് പൊലീസ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജാഗ്രതയും സംയമനവും അനിവാര്യമാണ്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവത്തിൽ പൊലീസ് ഇടപെടലിനെക്കുറിച്ച് വിദ്യാർഥികളിൽനിന്നും രാഷ്ട്രീയ സംഘടനകളിൽനിന്നും ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കപ്പെടണം. ക്യാമ്പസുകൾ കലാലയങ്ങളാണ്, കലാപാലയങ്ങളല്ല. നിയമലംഘനം ഉണ്ടായാൽ നടപടി വേണം; എന്നാൽ പൊലീസ് ഇടപെടൽ തന്നെ കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഒരു സമരം നടക്കുമ്പോൾ അതിനെ എങ്ങനെ നിയമപരമായും സമാധാനപരമായും നിയന്ത്രിക്കാം എന്നതായിരിക്കണം ഭരണസംവിധാനത്തിന്റെ ആദ്യ പരിഗണന. സംഘർഷം വർധിപ്പിക്കുന്ന ഇടപെടലുകൾ ഉണ്ടായോ, പൊലീസ് നടപടി ആവശ്യമായ പരിധി കടന്നോ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അനാവശ്യമായി ബുദ്ധിമുട്ടുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതുപോലെ, പൊലീസിനെതിരായ ആരോപണങ്ങൾ മാത്രം ഉയർത്തി നിയമലംഘനങ്ങളെ അവഗണിക്കാനും കഴിയില്ല. അനാവശ്യ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ യഥാർഥ ജനകീയ വിഷയങ്ങൾ പതുക്കെ അപ്രത്യക്ഷമാകുന്നു. വിലക്കയറ്റം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പൊതുസുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പൊതുസമൂഹം ആരാണ് ആരെ ആക്രമിച്ചത് എന്ന രാഷ്ട്രീയ തർക്കത്തിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യത്തിന്റെ ഗുണനിലവാരത്തെ തന്നെ ബാധിക്കും. ഇന്നലെകളിലെ പ്രാകൃതമായ രീതികളെ ഇന്നിന്റെ സമരച്ചുമരുകളിൽ പതിപ്പിക്കാനുള്ള ശ്രമം രാഷ്ട്രീയ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് പകരം അതിന്റെ പിന്നോട്ടുപോക്കായിരിക്കും. ആശയത്തോട് ശക്തമായി വിയോജിക്കാം. സർക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമർശിക്കാം. പ്രതിഷേധിക്കാം. അധികാരത്തിനെതിരെ ജനങ്ങളെ അണിനിരത്താം. എന്നാൽ അതെല്ലാം നടക്കേണ്ടത് നിയമത്തിന്റെയും സഹിഷ്ണുതയുടെയും ജനാധിപത്യ മര്യാദകളുടെയും പരിധിക്കുള്ളിലാണ്. പ്രതിഷേധത്തിന്റെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ പ്രതിഷേധിക്കപ്പെടുന്നവന്റെ അവകാശവും സംരക്ഷിക്കപ്പെടണം. അധികാരത്തിലുള്ളവർ വിമർശനം കേൾക്കാനുള്ള രാഷ്ട്രീയ പക്വത കാണിക്കണം. പ്രതിപക്ഷവും യുവജന സംഘടനകളും സമരത്തിന്റെ പരിധി തിരിച്ചറിയണം. വിദ്യാർഥികളെയും യുവാക്കളെയും മുന്നിൽ നിർത്തി രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കുന്ന പ്രവണതകൾ അവസാനിക്കണം. പ്രത്യേകിച്ച് കുട്ടികളെയും വിദ്യാർഥികളെയും രാഷ്ട്രീയ സംഘർഷങ്ങളുടെ ഇരകളാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കുമുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ശക്തമായ ആശയസംഘർഷങ്ങളുടേതാണ്. പക്ഷേ ആശയസംഘർഷം തെരുവുയുദ്ധമായി മാറുമ്പോൾ വിജയിക്കുന്നത് ആരുമല്ല. തോൽക്കുന്നത് ജനാധിപത്യ സംവാദവും പൊതുസമാധാനവും ജനങ്ങളുടെ സ്വസ്ഥതയുമാണ്. അതിനാൽ ഇന്നത്തെ ചോദ്യം ‘ആരാണ് കൂടുതൽ ശക്തമായി തിരിച്ചടിച്ചത്?’ എന്നതല്ല. ഈ സംഘർഷം കൊണ്ട് നാടിന് എന്തു നേടി?’ എന്നതാണ്.
തെരുവിൽ തീ ആളിക്കത്തിക്കൊണ്ട് രാഷ്ട്രീയ വിജയം നേടാനാവില്ല. തീ അണച്ച്, ആശയങ്ങളെ ഏറ്റുമുട്ടിച്ച്, ജനങ്ങളുടെ മുന്നിൽ വാദിച്ചാണ് ജനാധിപത്യം മുന്നോട്ടുപോകേണ്ടത്. കേരളത്തിന് വേണ്ടത് തെരുവുയുദ്ധമല്ല; രാഷ്ട്രീയ സംവാദത്തിന്റെ തിരിച്ചുവരവാണ്.

You may also like