Home Editorialരോഗിയുടെ ജീവന് വിലയിടുന്ന ഭരണകൂടങ്ങൾ

രോഗിയുടെ ജീവന് വിലയിടുന്ന ഭരണകൂടങ്ങൾ

by news_desk
0 comments

മരുന്ന് വില മുതൽ സർക്കാർ ഗോഡൗൺ വരെ,
ആരോഗ്യരംഗത്തെ കെടുകാര്യസ്ഥതയ്ക്ക് ആരാണ് ഉത്തരവാദി?

3,000ന്റെ മരുന്നിന് 27,000. ആശുപത്രിയിൽ മരുന്നില്ല; സർക്കാർ ഗോഡൗണിൽ കോടികളുടെ മരുന്ന് കെട്ടിക്കിടക്കുന്നു. രോഗിയുടെ ജീവൻ രക്ഷിക്കേണ്ട ആരോഗ്യസംവിധാനത്തിന്റെ രണ്ട് അറ്റങ്ങളിലുമുള്ള ഈ വൈരുധ്യം യാദൃച്ഛികമല്ല; ഭരണകൂടങ്ങളുടെ ഇടപെടൽ എവിടെയാണ് പരാജയപ്പെടുന്നതെന്നതിന്റെ നേർചിത്രമാണ്. ജീവൻരക്ഷാ മരുന്നിന്റെ വില രോഗിയുടെ കഴിവിനും ജീവിതത്തിനും അപ്പുറത്തേക്ക് കുതിക്കുമ്പോൾ സുപ്രീംകോടതി ചോദ്യം ചെയ്യുന്നു. അതേസമയം, സർക്കാർ ആശുപത്രിയിൽ ആവശ്യമായ മരുന്ന് കിട്ടാതെ രോഗി വലയുമ്പോൾ കോടികളുടെ മരുന്ന് വെയർഹൗസിൽ കിടക്കുന്നു. ഒരു വശത്ത് അമിതവില, മറുവശത്ത് അനാസ്ഥ-ഇരുവിധത്തിലും നഷ്ടപ്പെടുന്നത് രോഗിയുടെ ജീവനാണ്. ഇതൊടപ്പമാണ് ഇടുക്കിയിൽ അലർജിക്കുള്ള ചികിൽസ തേടിയെത്തിയ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് മാറി നൽകിയ സംഭവം. കോട്ടയത്ത് ഇന്നലെ കാലാവധി തീരുന്ന മരുന്നും നൽകിയിരിക്കുന്നു. എന്തൊരു സംവിധാനമാണിത്. ജീവനുകൾക്ക് ഒരു വിലയും കാണുന്നില്ലെന്നത് ഗൗരവകരമായ പരിശോധന നടത്തേണ്ട സാഹചര്യമാണ്. മരുന്നിന്റെ വ്യാപാരി വിലയും പരമാവധി ചില്ലറവിലയും തമ്മിലുള്ള ഭീമമായ അന്തരം എന്തുകൊണ്ടാണ് അനുവദിക്കുന്നതെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരിക്കുന്നു. 3,000 വിലയുള്ള മരുന്നിന് സ്വകാര്യ ആശുപത്രിയിൽ 27,000 വരെ ഈടാക്കുന്ന സാഹചര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാ മരുന്നുകൾക്കും ഏകീകൃതമായി 16 ശതമാനം മാർജിൻ നിശ്ചയിച്ചുകൂടേയെന്ന കോടതിയുടെ ചോദ്യം കേന്ദ്രത്തിന് അവഗണിക്കാനാകാത്തതാണ്. ഇത് വിപണിയുടെ വിലനിർണയത്തെക്കുറിച്ചുള്ള സാധാരണ തർക്കമല്ല. രോഗിയുടെ നിർബന്ധിതാവസ്ഥ ലാഭത്തിനുള്ള അവസരമാകുന്നുണ്ടോ എന്നതാണ് ചോദ്യം. ആശുപത്രിയിൽ ചികിത്സ തേടുന്നയാൾക്ക് പുറത്തുനിന്ന് മരുന്ന് വാങ്ങാൻ അനുവദിക്കാതെ സ്വന്തം ഫാർമസിയിൽനിന്ന് പലമടങ്ങ് വിലയ്ക്ക് വാങ്ങേണ്ടിവരുന്നുവെങ്കിൽ, ചികിത്സയും കച്ചവടവും തമ്മിലുള്ള അതിരുകൾ മായുകയാണ്. ചികിത്സയുടെ ചെലവ് താങ്ങാനാകാതെ രോഗിക്ക് ചികിത്സ തന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഈ വിലക്കയറ്റം നീങ്ങരുത്. കേരളത്തിലെ ചിത്രം അതിലും ഗൗരവമുള്ളതാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതക്കുറവിനെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നത്. ചില മരുന്നുകളുടെ ക്ഷാമം മാത്രമാണെന്ന ഔദ്യോഗിക വിശദീകരണങ്ങൾക്കിടയിലും ആശുപത്രികൾ അടിയന്തരമായി പ്രാദേശികമായി മരുന്ന് വാങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ സംവിധാനത്തിന്റെ കാര്യക്ഷമത ചോദ്യംചെയ്യപ്പെടും. അതിലേറെ ഗൗരവമുള്ളതാണ് മറ്റൊരു വിവരം. മരുന്നിനായി രോഗി ആശുപത്രിയിൽ അലയുമ്പോൾ സർക്കാർ വെയർഹൗസുകളിൽ കോടികളുടെ മരുന്ന് കെട്ടിക്കിടക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ വർഷങ്ങളായി നീക്കം ചെയ്യാതെ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഒരു സാധാരണ സ്റ്റോക്ക് പ്രശ്നമല്ല. പൊതുപണവും പൊതുആരോഗ്യവും ഒരുപോലെ ബാധിക്കുന്ന ഭരണപരമായ വീഴ്ചയാണ്. മരുന്ന് വാങ്ങിയാൽ സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല. എത്ര വാങ്ങി, എവിടെ സൂക്ഷിച്ചു, എപ്പോൾ വിതരണം ചെയ്തു, എത്ര ഉപയോഗിച്ചു, എത്ര കാലാവധി കഴിഞ്ഞു-ഓരോ ഘട്ടത്തിനും കൃത്യമായ കണക്കും ഉത്തരവാദിയും വേണം. പുതിയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ഒരേ സംവിധാനത്തിൽ കെട്ടിക്കിടക്കുകയും ആശുപത്രിയിൽ ആവശ്യമായ മരുന്ന് ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ പണം ചെലവഴിച്ചതിന്റെ കണക്ക് പറഞ്ഞ് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല.
കേന്ദ്രവും സംസ്ഥാനവും ഉത്തരവാദിത്തം പരസ്പരം കൈമാറേണ്ട സമയമല്ലിത്. കേന്ദ്രം മരുന്നുവില നിയന്ത്രണത്തിലെ പഴുതുകൾ അടയ്ക്കണം. സ്വകാര്യ ആശുപത്രികളുടെ വിലനിർണയവും രോഗികളെ സ്വന്തം ഫാർമസിയിലേക്ക് നിർബന്ധിതമായി നയിക്കുന്ന രീതികളും പരിശോധിക്കണം. സംസ്ഥാന സർക്കാർ വാങ്ങൽ, സംഭരണം, വിതരണം എന്നിവയിലെ വീഴ്ചകൾ കണ്ടെത്തി ഉത്തരവാദിത്തം നിശ്ചയിക്കണം. ആരോഗ്യരംഗത്ത് സിസ്റ്റം തകരാറിലാണെന്ന പരാതി പുതിയതല്ല. സർക്കാരുകൾ മാറിയിട്ടും രോഗിയുടെ അനുഭവം മാറുന്നില്ലെങ്കിൽ പ്രശ്നം വ്യക്തികളിൽ മാത്രം തിരയുന്നതുകൊണ്ട് പരിഹാരമുണ്ടാകില്ല. സംവിധാനത്തിന്റെ തന്നെ പൊളിച്ചെഴുത്താണ് ആവശ്യം. ആരോഗ്യത്തിനായി കോടികൾ ചെലവഴിക്കുന്നു എന്നത് മാത്രം നേട്ടമല്ല. രോഗിക്ക് ആവശ്യമായ മരുന്ന് ആവശ്യമായ സമയത്ത്, താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് യഥാർഥ അളവുകോൽ. ഗോഡൗണിൽ കാലാവധി കഴിഞ്ഞ് കിടക്കുന്ന മരുന്നും ആശുപത്രിയിൽ മരുന്നിനായി കാത്തിരിക്കുന്ന രോഗിയും ഒരേ സംവിധാനത്തിന്റെ രണ്ട് മുഖങ്ങളാണെങ്കിൽ, ആ സംവിധാനത്തിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ.
മരുന്ന് ഒരു സാധാരണ ചരക്കല്ല; അത് ജീവന്റെ ഉപാധിയാണ്. അതിന്റെ വില നിയന്ത്രിക്കുന്നതും ലഭ്യത ഉറപ്പാക്കുന്നതും സർക്കാരിന്റെ ഔദാര്യമല്ല, ഭരണഘടനാപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. രോഗിയുടെ ജീവൻ വിപണിയുടെ ലാഭക്കണക്കിലും ഭരണകൂടത്തിന്റെ ഫയൽക്കണക്കിലും കുടുങ്ങിക്കിടക്കാൻ പാടില്ല.

You may also like