Home Editorialഅടൂർപ്രകാശ് എറിഞ്ഞ തീപ്പന്തം യു.ഡി.എഫ് അറിഞ്ഞോ?

അടൂർപ്രകാശ് എറിഞ്ഞ തീപ്പന്തം യു.ഡി.എഫ് അറിഞ്ഞോ?

by news_desk
0 comments

അധികാരത്തിന്റെ ചൂട് വിട്ടുമാറും മുമ്പേ യു.ഡി.എഫ് സർക്കാരിന്റെ അകത്തളങ്ങളിൽനിന്ന് അസ്വസ്ഥതയുടെ പുക ഉയരുകയാണ്. പ്രതിപക്ഷ നിരയിൽനിന്നല്ല, മുന്നണിയുടെ കൺവീനർ തന്നെ പരസ്യമായി ഉന്നയിച്ച പരാതിയാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രം. പ്രധാന സർക്കാർ തീരുമാനങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മാസങ്ങളായി യു.ഡി.എഫ് ഏകോപന സമിതി യോഗം ചേർന്നിട്ടില്ലെന്നും കൺവീനർ അടൂർ പ്രകാശ് തുറന്നുപറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങൾ എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു നിയമനത്തെച്ചൊല്ലിയുള്ള തർക്കമായി മാത്രം കാണാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായും ജി. ദേവരാജനെ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും കാബിനറ്റ് റാങ്കോടെ നിയമിച്ച തീരുമാനങ്ങളാണ് അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തിന് തൊട്ടുമുമ്പുണ്ടായത്. എന്നാൽ തീരുമാനത്തിന്റെ ഉള്ളടക്കത്തേക്കാൾ കൂടിയാലോചന നടന്നില്ലെന്നതാണ് തന്റെ പരാതിയെന്ന് അടൂർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫ് ഒരു ഏകകക്ഷി സംവിധാനമല്ല. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ ഭരണനിർവഹണത്തിലെ കൂട്ടായ്മയുടെ അളവുകോൽ മന്ത്രിസഭാ യോഗത്തിൽ മാത്രം അവസാനിക്കുന്നതല്ല. മുന്നണിയിലെ കക്ഷികൾക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യാനും കഴിയുന്ന രാഷ്ട്രീയ വേദികൾ സജീവമായിരിക്കണം. കൂടിയാലോചന ഒരു ഔപചാരിക ചടങ്ങല്ല; മുന്നണി ഭരണത്തിന്റെ രാഷ്ട്രീയ അടിത്തറയാണ്. അതേസമയം, മുന്നണിയിലെ എല്ലാ തീരുമാനങ്ങളും ഓരോ ഘട്ടത്തിലും ഓരോ നേതാവിന്റെയും വ്യക്തിപരമായ സമ്മതം തേടിയാകണമെന്നില്ല. ഭരണഘടനാപരമായ അധികാരം മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കും ഉണ്ട്. അതിനൊപ്പം തന്നെ, മുന്നണി രാഷ്ട്രീയത്തിൽ പരസ്പര ആശയവിനിമയത്തിനുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നത് വേറിട്ട ചോദ്യമാണ്. ഈ രണ്ടിനുമിടയിലെ സമതുലിതാവസ്ഥയാണ് ഒരു കൂട്ടുകക്ഷി സർക്കാരിന്റെ രാഷ്ട്രീയ വിശ്വാസ്യത നിർണയിക്കുന്നത്. അടൂർ പ്രകാശിന്റെ പ്രതികരണത്തെ വ്യക്തിപരമായ അതൃപ്തിയായി മാത്രം തള്ളിക്കളയുന്നതും അതുപോലെ തന്നെ അദ്ദേഹത്തിന്റെ ആരോപണങ്ങളെ മുഴുവൻ മുന്നണി സംവിധാനത്തിന്റെ തകർച്ചയായി വ്യാഖ്യാനിക്കുന്നതും ഒരുപോലെ അതിവേഗ നിഗമനങ്ങളാകും. കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ അദ്ദേഹത്തിന്റെ പരസ്യ പ്രതികരണത്തെ വിമർശിക്കുന്നവരുണ്ട്; വിഷയം പാർട്ടി വേദികളിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. മറുവശത്ത്, താൻ ഉന്നയിച്ചത് വ്യക്തിപരമായ ആവശ്യമല്ലെന്നും മുന്നണി കൺവീനർ എന്ന നിലയിലെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നുമാണ് അടൂർ പറയുന്നത്. ഇവിടെയാണ് യു.ഡി.എഫ് നേതൃത്വം ആത്മപരിശോധന നടത്തേണ്ടത്. സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിലെ വേഗതയും മുന്നണി കക്ഷികളുമായുള്ള ആശയവിനിമയവും തമ്മിൽ ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടാകരുത്. അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പുകാലത്ത് മുന്നോട്ടുവച്ച കൂട്ടായ രാഷ്ട്രീയത്തിന്റെ ഭാഷ മറക്കപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാകുന്നിടത്ത് ഭരണത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ ക്ഷതമുണ്ടാകും. വിമർശനങ്ങളെ അടച്ചിട്ട വാതിലുകൾക്കുള്ളിൽ ഒതുക്കുന്നതിനേക്കാൾ തുറന്ന രാഷ്ട്രീയ ചർച്ചകൾക്കുള്ള വേദി സൃഷ്ടിക്കുകയാണ് മുന്നണിക്ക് ഗുണകരം. അഭിപ്രായവ്യത്യാസം മുന്നണി രാഷ്ട്രീയത്തിന്റെ ദൗർബല്യമല്ല; അത് കൈകാര്യം ചെയ്യാനുള്ള ജനാധിപത്യ സംവിധാനമില്ലാത്തതാണ് യഥാർഥ പ്രശ്നം. അധികാരത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഉയർന്ന ഈ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായി വ്യക്തമായ മറുപടി നൽകേണ്ടത് യു.ഡി.എഫ് നേതൃത്വമാണ്. ഏകോപന സമിതി സജീവമാകുമോ, മുന്നണി കക്ഷികളുമായി തീരുമാനങ്ങൾക്ക് മുമ്പുള്ള ആശയവിനിമയം ശക്തമാകുമോ, പരസ്യമായ പരാതികൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമോ-അടുത്ത ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ അതിന് മറുപടി നൽകും. നാലുമാസം മാത്രം പ്രായമുള്ള സർക്കാരിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണങ്ങളിൽ ഒന്നും അതുതന്നെയാണ്.

You may also like