Home Top Storiesമുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതിയുമായി അടൂർ പ്രകാശ് ഡൽഹിയിലേക്ക്; ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാൻ ദീപാ ദാസ് മുൻഷി, കോൺഗ്രസിൽ വൻ പടലപ്പിണക്കം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതിയുമായി അടൂർ പ്രകാശ് ഡൽഹിയിലേക്ക്; ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകാൻ ദീപാ ദാസ് മുൻഷി, കോൺഗ്രസിൽ വൻ പടലപ്പിണക്കം

by news_desk
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ നിലപാടിൽ ഉറച്ചുനിന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. വരുന്ന ചൊവ്വാഴ്ച ഡൽഹിയിലെത്തി ഹൈക്കമാൻഡിന് നേരിട്ട് കത്തുനൽകാനാണ് അടൂർ പ്രകാശിന്റെ നീക്കം. കൂടിയാലോചനകളില്ലാത്ത ഏകപക്ഷീയമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രിയുടേതെന്നും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ പാർട്ടിയിൽ വലിയ അതൃപ്തിയുണ്ടെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ പ്രമുഖ നേതാക്കളും അടൂർ പ്രകാശിനൊപ്പം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന.

അടൂർ പ്രകാശ് പരസ്യവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് അടിയന്തര റിപ്പോർട്ട് നൽകും. ദീപ ദാസ് മുൻഷി അടൂർ പ്രകാശുമായും സംസ്ഥാനത്തെ മറ്റ് പ്രമുഖ നേതാക്കളുമായും ആശയവിനിമയം നടത്തിവരികയാണ്. കൂടിയാലോചനകളില്ലാതെയാണ് ഭരണം മുന്നോട്ടുപോകുന്നതെന്നും പല വിവരങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് തുറന്നടിച്ചതോടെയാണ് പാർട്ടിയിലെ വലിയ ഭിന്നത പുറത്തുവന്നത്.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നീ പ്രമുഖ നിയമനങ്ങളിലും യു.ഡി.എഫ് യോഗം വിളിച്ചുചേർക്കാത്തതിലും മുഖ്യമന്ത്രി മുൻകൈ എടുത്തില്ലെന്നായിരുന്നു ആക്ഷേപം. സംഭവത്തിന് പിന്നാലെ കോൺഗ്രസ് രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്. മന്ത്രി കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോൾ, ജെബി മേത്തർ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ അടൂർ പ്രകാശിന്റെ നിലപാടിന് പരോക്ഷ പിന്തുണ നൽകി.

You may also like