Home Keralaമേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

by news_desk
0 comments

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവര് പ്രതിയായതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ് കൈക്കൊണ്ട തീരുമാനമാണ് ഇപ്പോൾ ഔദ്യോഗികമായി നടപ്പാക്കിയിരിക്കുന്നത്. തന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞതും ഇതിന് കാരണമായി.

അതേസമയം, ഇത്തവണത്തെ മേൽശാന്തിമാരുടെ യോഗ്യതാ പട്ടികയിൽ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് മുഖാമുഖ പരീക്ഷയ്ക്കുള്ള യോഗ്യതാ പട്ടികയിൽ എണ്ണം ഇത്രത്തോളം കുറയുന്നത്. പട്ടികയിൽ ആകെയുള്ള എട്ടുപേരിൽ അഞ്ചുപേർ ശബരിമല മേൽശാന്തി പട്ടികയിലും മൂന്നുപേർ മാളികപ്പുറം പട്ടികയിലുമാണുള്ളത്. മാളികപ്പുറം പട്ടികയിലുള്ള മൂന്നുപേരും ശബരിമല മേൽശാന്തി പട്ടികയിലും ഇടംപിടിച്ചവരാണ്. മുഖാമുഖത്തിലെ മാർക്ക് കൂടി പരിഗണിക്കുന്നതോടെ എണ്ണം ഇനിയും കുറഞ്ഞേക്കും.

ദേവസ്വം വിജിലൻസ് നടത്തിയ കർശനമായ പശ്ചാത്തല പരിശോധനയാണ് യോഗ്യതാ പട്ടികയിലെ അപേക്ഷകരുടെ എണ്ണം ഇത്രയധികം കുറയാൻ കാരണമെന്നാണ് അറിയുന്നത്. തള്ളപ്പെട്ടവരുടെ അപ്പീലുകൾ പരിഗണിച്ചാലും അന്തിമ പട്ടികയിലെ എണ്ണത്തിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയില്ല. ഇതിനിടെ, വരാനിരിക്കുന്ന തീർത്ഥാടന കാലത്ത് പമ്പയിലെ ശുചിമുറികൾ പൂർണ്ണമായും സ സൗജന്യമാക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.

You may also like