തിരുവനന്തപുരം: നിർണായക വിവരങ്ങൾ യു.ഡി.എഫ് കൺവീനർ പോലുമറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് വരുന്നത് നിസ്സാരമായി കാണാനാവില്ലെന്ന് തുറന്നടിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. വി.ഡി. സതീശന്റെ നേതൃത്വത്തിനെതിരെ അടൂർ പ്രകാശ് ഉയർത്തിയ കടുത്ത അമർഷത്തെ പരസ്യമായി പിന്തുണച്ചാണ് ജെബി മേത്തർ രംഗത്തെത്തിയത്. അടൂർ പ്രകാശിന്റെ അനുഭവത്തിൽ നിന്ന് ഉയർന്നുവന്ന പരാതിയായതിനാൽ അദ്ദേഹത്തിന്റെ ആശങ്കകൾ പാർട്ടി അടിയന്തരമായി പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഘടന മുന്നോട്ടുപോകുന്നത് ശരിയായ ദിശയിലാണെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ ജെബി മേത്തർ, കഴിഞ്ഞ മൂന്നു മാസമായി കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേർക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയാണെന്നും വെളിപ്പെടുത്തി. പോഷക സംഘടനകൾക്ക് തങ്ങളുടെ നിലപാടുകൾ അറിയിക്കാനുള്ള പ്രധാന പ്ലാറ്റ്ഫോമാണ് എക്സിക്യുട്ടീവ്. വിഷയം ഉന്നയിച്ച് കെ.പി.സി.സി പ്രസിഡന്റിന് വ്യക്തിപരമായും കത്തിലൂടെയും ഇ-മെയിലിലൂടെയും സന്ദേശം അയച്ചിട്ടുണ്ടെന്ന് പ്രമുഖ ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഉൾപാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അച്ചടക്കമുള്ള പ്രവർത്തക എന്ന നിലയിലാണ് പാർട്ടി വേദിയിൽ കാര്യങ്ങൾ ഉന്നയിക്കുന്നത്. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിലും ഉറച്ച നിലപാടുകളിൽ തന്നെ തുടരുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കൾക്കു പിന്നാലെ പ്രമുഖ വനിതാ നേതാവും പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
