Home Top Storiesമെസ്സിയെ എത്തിക്കാമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും, നിർണായക റിപ്പോർട്ട് നൽകി എസ്.ഐ.ടി

മെസ്സിയെ എത്തിക്കാമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും, നിർണായക റിപ്പോർട്ട് നൽകി എസ്.ഐ.ടി

by news_desk
0 comments

തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി നടത്തിയ വൻ തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്പോൺസർക്ക് അന്യായ ലാഭമുണ്ടാക്കാൻ മന്ത്രിയും ഓഫീസും വഴിവിട്ട സഹായം നൽകിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം.

കേസിലെ അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഡി.ജി.പിക്ക് കൈമാറി. മുൻ മന്ത്രിയുടെ വി. അബ്ദുറഹിമാന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ടെൻഡർ നടപടികളില്ലാതെ ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, മന്ത്രിയുടെ ഓഫീസിൽ നിന്ന് നടന്ന ദുരൂഹമായ കത്തിടപാടുകൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ചർച്ച നടത്തുന്നതിനായി നടത്തിയ വിദേശയാത്രകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറത്തെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മുൻ മന്ത്രിയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് എസ്.ഐ.ടിയുടെ ശുപാർശ. വഴിവിട്ട സഹായത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്നും സാമ്പത്തിക ഇടപാടുകളുടെ യാഥാർത്ഥ്യമെന്താണെന്നും വ്യക്തമാക്കാൻ തുടരന്വേഷണം നിർണായകമാകും.

You may also like