Home Top Storiesഇറാൻ യുദ്ധവും വിലക്കയറ്റവും; ട്രംപിനെതിരെ കടുപ്പിച്ച് യു.എസ് സെനറ്റർമാർ, ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം

ഇറാൻ യുദ്ധവും വിലക്കയറ്റവും; ട്രംപിനെതിരെ കടുപ്പിച്ച് യു.എസ് സെനറ്റർമാർ, ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം

by news_desk
0 comments

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിലും രാജ്യത്തുണ്ടായ കടുത്ത ഇന്ധന വിലവർധനയിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഡെമോക്രാറ്റിക് പാർട്ടി സെനറ്റർമാർ. ഇറാനിലെ നിയമവിരുദ്ധ യുദ്ധത്തിലേക്ക് 10,000 സൈനികരെ കൂടി ട്രംപ് അയക്കുകയാണെന്നും കൊല്ലപ്പെടുന്ന സൈനികരുടെ കൃത്യമായ കണക്കുകൾ മറച്ചുവെക്കുകയാണെന്നും സെനറ്റ് വിദേശകാര്യ സമിതി അംഗമായ ക്രിസ് വാൻ ഹോളൻ ആരോപിച്ചു. യുദ്ധത്തിനുള്ള ധനസഹായം അമേരിക്കൻ കോൺഗ്രസ് അടിയന്തരമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം മൂലം അമേരിക്കയിൽ ഇന്ധന വില, പ്രത്യേകിച്ച് ഡീസൽ വില ഇരട്ടിയായി ഉയർന്നതായി മറ്റൊരു സെനറ്ററായ ക്രിസ് മർഫി കുറ്റപ്പെടുത്തി. ഇത് ആഗോളതലത്തിൽ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. ഇതിനിടെ, ഇറാൻ യുദ്ധം മൂലം കടുത്ത പ്രതിസന്ധിയിലായ ഇന്ധന വിപണിയെ സഹായിക്കാൻ 100 മില്യൺ ബാരൽ എണ്ണയും ഡീസലും വിപണിയിലെത്തിക്കാൻ ജി7 (G7) രാജ്യങ്ങൾ തീരുമാനിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് വികസിത രാജ്യങ്ങളുടെ ഈ നീക്കം.

അതേസമയം, സംഘർഷം രൂക്ഷമായ ഹോർമൂസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള ‘എം.ടി കാസിമ III’ എന്ന കൂറ്റൻ എണ്ണക്കപ്പലിന് (VLCC) നേരെ പ്രൊജക്ടൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ തീപിടിച്ച കപ്പലിൽ ഉണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ ഒമാൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി ഒമാനിലെത്തിച്ചതായി മസ്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ കമ്പനിയുടെ രണ്ടാമത്തെ എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. മേഖലയിൽ വാണിജ്യ-എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ഡ്രോൺ, പ്രൊജക്ടൈൽ ആക്രമണങ്ങൾ ശക്തമാകുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്.

You may also like