കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയഗീതം ആലപിക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടെന്നും ഉദ്ഘാടന പരിപാടിയിൽ അത് പാലിക്കാൻ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നതിന് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് കാര്യങ്ങൾ മനസിലായെന്നും മന്ത്രി പറഞ്ഞു.
16 കോച്ചുകളാക്കി ഉയർത്തിയ എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ബിജെപി പ്രതിഷേധം നടന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വേദിയിൽ ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വന്ദേമാതരം ആലപിക്കാത്തതിന്റെ പേരിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചതോടെ ബിജെപി നേതൃത്വം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
