Home Keralaപേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ലീഗിൽ അമർഷം; ‘പോഷക സംഘടന തല്ലുകൊള്ളാൻ മാത്രമല്ല’െന്ന് എംഎസ്എഫ് പ്രമേയം

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ലീഗിൽ അമർഷം; ‘പോഷക സംഘടന തല്ലുകൊള്ളാൻ മാത്രമല്ല’െന്ന് എംഎസ്എഫ് പ്രമേയം

by news_desk1
0 comments

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാകുന്നു. നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. മന്ത്രിമാർ നടത്തിയ നിയമനങ്ങൾ പ്രസ്ഥാനത്തോടും പാർട്ടി പ്രവർത്തകരോടും ചെയ്ത വഞ്ചനയാണെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു.

ജയിലിൽ പോകാനും സമരങ്ങളിൽ തല്ലുകൊള്ളാനും വേണ്ടി മാത്രം പോഷക സംഘടനകളെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് സമീപനം അംഗീകരിക്കാനാകില്ലെന്നും പ്രമേയത്തിൽ പറയുന്നു. പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുകയും സമരങ്ങളിൽ പങ്കെടുക്കുകയും മർദനം ഏറ്റുവാങ്ങുകയും ചെയ്ത പ്രവർത്തകരെ മനപ്പൂർവം അവഗണിച്ചെന്നും, പകരം പാർട്ടിയിൽ സജീവമല്ലാത്തവർക്കാണ് നിയമനം നൽകിയതെന്നും എംഎസ്എഫ് ആരോപിച്ചു.

മന്ത്രിമാരുടെ ഏകപക്ഷീയമായ നിലപാടുകൾ എംഎസ്എഫിൽ കടുത്ത അമർഷമുണ്ടാക്കിയെന്നും, സംഘടനയെ തുടർച്ചയായി അവഗണിക്കുന്നത് താഴെത്തട്ടിലെ പ്രവർത്തകർക്കിടയിൽ വലിയ നിരാശ സൃഷ്ടിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിനായി രൂപീകരിച്ച ഉപസമിതിയെ നോക്കുകുത്തിയാക്കി മന്ത്രിമാർ പ്രവർത്തിച്ചുവെന്നും പ്രമേയത്തിൽ വിമർശനമുണ്ട്.

അതേസമയം, നേരത്തേ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിനെതിരെ സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജില്ലയിൽ നിന്നുള്ള എം.എൽ.എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്നതും പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജില്ലയെ അവഗണിച്ചതുമാണ് പ്രധാന പരാതികൾ. ജില്ലയെ ഫണ്ട് ശേഖരണത്തിനും പാർട്ടി പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഒരു കേന്ദ്രമായി മാത്രമാണ് സംസ്ഥാന നേതൃത്വം കാണുന്നതെന്ന വിമർശനവും മണ്ഡലം ഭാരവാഹികൾ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ഉന്നയിച്ചിരുന്നു.

You may also like