തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കും. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉൾപ്പെടെ സമിതി വിശദമായി പഠിക്കും.
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മാസം 13-ന് സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ പ്രത്യേക ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കും മാർച്ചും സംഘടിപ്പിച്ചിരുന്നു.
പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വരുമാനം കുത്തനെ ഇടിഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബസ് ഉടമകൾ പറയുന്നു. ഇന്ധനവില വർധനവും ചെലവുകൾ ഉയർന്നതും സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കിയതായും അവർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് മേഖലയിലെ ആശങ്കകളും പദ്ധതിയുടെ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും, സ്വകാര്യ ബസ് ഉടമകളുമായി പ്രത്യേക ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചത്.

