കോഴിക്കോട്: ഏറെ വിവാദം സൃഷ്ടിച്ച സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന വീണ്ടും ശക്തമാക്കുന്നു. കോഴിക്കോട് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ടിടങ്ങളിലാണ് ഇ.ഡി ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്. കേസിൽ രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിലെ ഈ റെയ്ഡ്.
കേസിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായിരുന്നു ആദ്യ ഘട്ട പരിശോധന നടന്നത്. തുടർന്ന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന കോടതി ഉത്തരവിന് പിന്നാലെ അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണ ടി.എയെ ഇ.ഡി രണ്ട് തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. നിലവിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്ന (അറ്റാച്ച്‌മെന്റ്) നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വീണ്ടും പരിശോധന നടത്തുന്നത്.
ഒരു സേവനവും നൽകാതെ 2.78 കോടി രൂപ സി.എം.ആർ.എല്ലിൽ നിന്ന് എക്‌സാലോജിക് കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. ഈ പണം എങ്ങോട്ടാണ് പോയതെന്നും എന്തിനാണ് ഉപയോഗിച്ചതെന്നും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുകയുടേത് കള്ളപ്പണം വെളുപ്പിക്കൽ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണ് ഇ.ഡിയുടെ നിരീക്ഷണം.
കേസിൽ എസ്.എഫ്.ഐ.ഒ തയാറാക്കിയ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ലഭിച്ചതിന് പിന്നാലെ ഇ.ഡി ഇവയുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചിരുന്നു. മുൻപ് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത, മകൾ ഷിബി എസ്. കർത്ത, മകൻ ശരൻ എസ്. കർത്ത എന്നിവരടക്കം 6 പേരെ ഇ.ഡി ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു.
