ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം.
തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്നുണ്ട്. നിലവിൽ മാസം 75,000 രൂപ വാഹന അലവൻസായി നൽകുന്നുണ്ട്. ഇതിൽനിന്നാണ് ഡ്രൈവറുടെ ശമ്പളവും നൽകേണ്ടത്. എംഎൽഎമാരുടെ പേഴ്‌സണൽ അസിസ്റ്റന്റിന് 25,000 രൂപയാണ് ശമ്പളമായി അനുവദിച്ചിരിക്കുന്നത്.
സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ മേഖലകളിലും എത്താൻ കഴിയുന്നില്ലെന്ന വി.സി.കെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ വാഹനമെന്ന പ്രഖ്യാപനം നടത്തിയതെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. ഇതിലൂടെ അഴിമതിയില്ലാത്ത ജനസേവനത്തിന് കൂടുതൽ പ്രാധാന്യം നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ചെലവിലായിരിക്കും എംഎൽഎമാർക്ക് വാഹനങ്ങൾ അനുവദിക്കുക. പുതിയ തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ടി.വി.കെ എംഎൽഎ സിന്ധു പാട്ടുപാടി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ജ്യോതിമണി എംഎൽഎയും മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി..
