ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മകനെ ഉപയോഗിച്ച് കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ 39കാരി അറസ്റ്റിൽ. ഡൽഹിയിലെ ചാണക്യപുരിയിലാണ് സംഭവം. സഞ്ജയ് ക്യാമ്പ് സ്വദേശിനിയായ പിങ്കിയെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് ഏകദേശം ഒരു കിലോഗ്രാമോളം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
പൊലീസിന്റെയോ മറ്റ് സുരക്ഷാ ഏജൻസികളുടെയോ സംശയം ഒഴിവാക്കാനാണ് പ്രായപൂർത്തിയാകാത്ത മകനെ ലഹരിമരുന്ന് കൈമാറാൻ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ തുടക്കം പുറത്തുവന്നത്.
സെപ്റ്റംബർ രണ്ടിന് വൈകിട്ട് ഏഴോടെ പട്രോളിങ്ങിനിടെ 14കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് തടഞ്ഞുനിർത്തി. കുട്ടിയുടെ കൈവശം കഞ്ചാവ് അടങ്ങിയ ആറ് ചെറിയ പാക്കറ്റുകളാണ് കണ്ടെത്തിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ, വിൽപ്പനയ്ക്കായി അമ്മയാണ് തനിക്ക് പാക്കറ്റുകൾ നൽകിയതെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപപ്രദേശത്ത് നിന്ന് പിങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.
പിങ്കിയുടെ കൈവശം നിന്ന് കഞ്ചാവ് അടങ്ങിയതെന്ന് സംശയിക്കുന്ന 37 പാക്കറ്റുകൾ കൂടി കണ്ടെത്തി. കുട്ടിയുടെ കൈവശമുണ്ടായിരുന്ന ആറ് പാക്കറ്റുകൾ ഉൾപ്പെടെ ആകെ 43 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പിങ്കി നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്നും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഈ വർഷം മൂന്നാം തവണയാണ് അവർ പിടിയിലാകുന്നതെന്നും പൊലീസ് അറിയിച്ചു.
ലഹരിമരുന്ന് കടത്തലിനും വിൽപ്പനയ്ക്കുമായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
