കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ചുമതലയുള്ള സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. എം.വി. വിപിൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്ന് റിപ്പോർട്ട്. എം.വി. വിപിന് സിപിഐഎം ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് രാജി.
രാജി നിയമവകുപ്പ് അംഗീകരിച്ചു. കളമശ്ശേരിയിൽ പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.വി. വിപിൻ പങ്കെടുത്തിരുന്നുവെന്ന ആക്ഷേപമാണ് ലോയേഴ്സ് കോൺഗ്രസ് പ്രധാനമായും ഉന്നയിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്.
അതേസമയം, സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച പി. ദീപ്തിയും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച ജോൺ വർഗീസും ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. പി. ദീപ്തിയുടെ സിപിഐ ബന്ധവും വിവാദമായിരുന്നു.
നേരത്തെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ.ബി. പ്രദീപും രാജിവെച്ചിരുന്നു. സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിനെ തുടർന്ന് വിവാദമുയർന്നതോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാതെയായിരുന്നു നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു.
ഹൈക്കോടതി അഭിഭാഷക നിയമനങ്ങളെ സംബന്ധിച്ച് ലോയേഴ്സ് കോൺഗ്രസ് നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി ആരോപിച്ച് കെപിസിസി അധ്യക്ഷന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.കെ. അബ്ദുറഹ്മാൻ പരാതി നൽകിയിരുന്നു. കോൺഗ്രസ് അഭിഭാഷകർക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ലോയേഴ്സ് കോൺഗ്രസ് അംഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

