Home Editorial‘അമ്മ’യുടെ അരങ്ങിൽ ചെളിവാരിയെറിയൽസിനിമയെ വിഴുങ്ങുന്ന പവർ ഗ്രൂപ്പുകളുടെ നിഴൽ

‘അമ്മ’യുടെ അരങ്ങിൽ ചെളിവാരിയെറിയൽസിനിമയെ വിഴുങ്ങുന്ന പവർ ഗ്രൂപ്പുകളുടെ നിഴൽ

by news_desk
0 comments

1994 മെയ് 31-ന് ജന്മമെടുത്ത അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) ഒരു താരസംഘടന മാത്രമായിരുന്നില്ല. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ അഭിനേതാക്കളുടെ ക്ഷേമത്തിനും ഐക്യത്തിനുമായി രൂപംകൊണ്ട ആദ്യത്തെ സംഘടിത സംരംഭമായിരുന്നു അത്. പ്രതിസന്ധിയിലായ കലാകാരന്മാർക്ക് താങ്ങാവുക, സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാകുക, സിനിമാ കുടുംബത്തിന്റെ ആത്മബന്ധം സംരക്ഷിക്കുക എന്നതായിരുന്നു ‘അമ്മ’യുടെ പ്രഖ്യാപിത ലക്ഷ്യം. ഒരുകാലത്ത് മറ്റ് ഭാഷാ സിനിമാ മേഖലകൾ പോലും മാതൃകയായി ചൂണ്ടിക്കാട്ടിയ സംഘടനയായിരുന്നു ‘അമ്മ’. എന്നാൽ ഇന്ന് ആ സംഘടന സ്വന്തം ചരിത്രത്തെയും അന്തസ്സിനെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. സംഘടനയുടെ ഉൾപ്പോര്, പവർ ഗ്രൂപ്പുകളുടെ സ്വാധീനം, വ്യക്തിവൈരങ്ങൾ, പരസ്യ ആരോപണങ്ങൾ, സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിടൽ, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള സംശയങ്ങൾ, ജീവനക്കാരോടുള്ള പെരുമാറ്റത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾ-ഇവയെല്ലാം ചേർന്ന് ‘അമ്മ’യെ ഒരു ക്ഷേമസംഘടനയിൽ നിന്ന് വിവാദങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമയുടെ മുഖംമൂടി ഏറ്റവും ശക്തമായി ചോദ്യം ചെയ്യപ്പെട്ടത്. സ്ത്രീകൾ സിനിമാ മേഖലയ്ക്കുള്ളിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളും മാനസിക പീഡനങ്ങളും അധികാര ദുരുപയോഗവും വെളിച്ചത്തുവന്നപ്പോൾ അത് ഏതാനും വ്യക്തികൾക്കെതിരായ ആരോപണങ്ങൾ മാത്രമായിരുന്നില്ല; വർഷങ്ങളായി നിലനിന്നിരുന്ന ഒരു അധികാരഘടനയെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. ആ റിപ്പോർട്ട് സിനിമാ മേഖലയെ ആത്മപരിശോധനയിലേക്ക് നയിക്കേണ്ടതായിരുന്നു. എന്നാൽ അതിന് പകരം കണ്ടത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളും സിനിമാ ഡയലോഗുകൾ പോലെ കേൾക്കുന്ന ന്യായീകരണങ്ങളുമായിരുന്നു. ഭരണസമിതിയുടെ കൂട്ടരാജി ഒരു ഉത്തരവാദിത്തബോധത്തിന്റെ പ്രതീകമായി തോന്നിയെങ്കിലും, അതിന് ശേഷം അധികാരത്തിലെത്തിയ പുതിയ നേതൃത്വത്തിനും സംഘടനയെ പുതിയ ദിശയിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെന്നതാണ് ഇന്നത്തെ യാഥാർഥ്യം. ഒരു വർഷം പോലും പൂർത്തിയാക്കാതെ ഭരണസമിതി രാജിവെക്കേണ്ടി വന്നത് സംഘടനയുടെ ആന്തരിക പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. ഏറ്റവും ദൗർഭാഗ്യകരമായത്, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ട വേദി സംഘടനയ്ക്കുള്ളിൽ തന്നെയായിരിക്കെ, അവ ഇന്ന് മാധ്യമ വിചാരണകളുടെയും സോഷ്യൽ മീഡിയ പോരാട്ടങ്ങളുടെയും വിഷയമായി മാറിയിരിക്കുകയാണ്. വ്യക്തിപരമായ സംഭാഷണങ്ങൾ പരസ്യമാക്കുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയർത്തുന്നതും ഒരു സംഘടനയുടെ ജനാധിപത്യസംസ്കാരമല്ല; അത് വിശ്വാസത്തിന്റെ തകർച്ചയാണ്. മലയാള സിനിമയെ ഇന്ന് അലട്ടുന്ന ഏറ്റവും വലിയ ചർച്ച ‘പവർ ഗ്രൂപ്പുകൾ’ എന്നതാണ്. സിനിമയിൽ അവസരങ്ങൾ, സംഘടനാ തീരുമാനങ്ങൾ, നിർമാണം, വിതരണം, അവാർഡുകൾ, സംഘടനാ തിരഞ്ഞെടുപ്പുകൾ-ഇവയെല്ലാം ചില സംഘടിത താൽപര്യകൂട്ടായ്മകളുടെ സ്വാധീനത്തിലാണെന്ന ആരോപണം വർഷങ്ങളായി ഉയരുന്നുണ്ട്. ഇത് ശരിയാണെങ്കിൽ അത് സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ്. കഴിവിനേക്കാൾ ബന്ധങ്ങളും കൂട്ടുകെട്ടുകളും നിർണായകമാകുന്ന അന്തരീക്ഷം കലയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കും. സംഘടിത ഗ്രൂപ്പുകൾ തമ്മിലുള്ള അധികാരപോരാട്ടം ഇപ്പോൾ തുറന്ന ചെളിവാരിയെറിയലായി മാറിയിരിക്കുന്നു. ഇന്നലെ വരെ ഒരേ വേദിയിൽ പരസ്പരം പ്രശംസിച്ചവർ ഇന്ന് പരസ്യമായി പരസ്പരം അവിശ്വാസവും ആരോപണങ്ങളും ഉന്നയിക്കുന്നു. ഇത് വ്യക്തികൾ തമ്മിലുള്ള തർക്കമെന്നതിലുപരി, സിനിമാ മേഖലയിലെ ഭരണസംവിധാനത്തിന്റെ പരാജയമാണ്.
ഈ തർക്കങ്ങളിൽ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് ആര്ക്കാണ്? നടന്മാർക്കോ സംഘടനകൾക്കോ അല്ല. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകനാണ്. സ്വന്തം അധ്വാനത്തിന്റെ പണം ചെലവഴിച്ച് തിയറ്ററിലെത്തുന്ന പ്രേക്ഷകർക്ക് താരങ്ങളുടെ സ്വകാര്യ പോരാട്ടങ്ങളല്ല വേണ്ടത്; നല്ല സിനിമകളാണ് വേണ്ടത്. സിനിമയുടെ പിന്നണിയിൽ രാവും പകലും അധ്വാനിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും ഈ വിവാദങ്ങൾ ഒരു അപമാനമാണ്. മലയാള സിനിമയ്ക്ക് ലോകം അംഗീകരിച്ച പാരമ്പര്യമുണ്ട്. ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമാണ് ഈ മണ്ണിന്റെ അഭിമാനം. ആ പാരമ്പര്യത്തെ ചിലരുടെ വ്യക്തിപരമായ അധികാരമത്സരങ്ങളും ഗ്രൂപ്പ് രാഷ്ട്രീയവും കൊണ്ട് മലിനമാക്കാൻ അനുവദിക്കരുത്.
‘അമ്മ’ എന്ന സംഘടനയുടെ യഥാർഥ ഉത്തരവാദിത്തം അധികാരപ്പോരാട്ടങ്ങൾ നിയന്ത്രിക്കുന്നതല്ല; കലാകാരന്മാർക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും പുതുതലമുറ കലാകാരന്മാർക്കും ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഇടമാക്കി സിനിമാ മേഖലയെ മാറ്റേണ്ടത് സംഘടനയുടെ പ്രഥമ കടമയാണ്. സിനിമ ജനങ്ങളുടേതാണ്. താരങ്ങൾ വരും, പോകും. സംഘടനകൾ മാറും. അധികാരകേന്ദ്രങ്ങൾ തകരും. എന്നാൽ നല്ല സിനിമയും നല്ല കലയും എന്നും നിലനിൽക്കും. അതുകൊണ്ട് തന്നെ, മലയാള സിനിമയെ സ്വകാര്യ യുദ്ധഭൂമിയാക്കുന്ന പവർ ഗ്രൂപ്പുകളും സംഘടിത താൽപര്യങ്ങളും പരസ്യ ചെളിവാരിയെറിയലും അവസാനിപ്പിക്കണം. മലയാളി തിയറ്ററിലെത്തുന്നത് നിങ്ങളുടെ പൊറാട്ടുനാടകം കാണാനല്ല; നല്ല സിനിമ കാണാനാണ്. അത് മറക്കുന്ന നിമിഷം, പ്രേക്ഷകൻ തന്നെ പുതിയ താരങ്ങളെയും പുതിയ സിനിമയെയും സൃഷ്ടിക്കും. ചരിത്രം അതാണ് തെളിയിച്ചിട്ടുള്ളത്.

You may also like