Home Editorialലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ കൂട്ടായ മനസാക്ഷി വേണം

ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ കൂട്ടായ മനസാക്ഷി വേണം

by news_desk1
0 comments

ലഹരി ഇന്ന് ഒരു വ്യക്തിയുടെ പ്രശ്നമല്ല, ഒരു കുടുംബത്തിന്റെ മാത്രം വേദനയുമല്ല — അത് സമൂഹത്തിന്റെ സമഗ്രമായ സുരക്ഷയ്ക്കും ഭാവിക്കും നേരെയുള്ള വലിയ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്കൂളുകളിലും കോളജുകളിലും, ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി കടന്നുകയറുമ്പോൾ അത് സൃഷ്ടിക്കുന്നത് കുറ്റകൃത്യങ്ങളല്ല, മറിച്ച് തകർച്ചയുടെ സാമൂഹിക പരമ്പരയാണ്. ലഹരി വ്യാപനത്തിൻ്റെ വ്യാപതിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി കയറ്റുന്ന എന്ന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പഴയയൊരു പ്രസ്താവന സാമൂഹ്യ മാധ്യമത്തിൽ വിവാദ പത്തി വിടർത്തി ആടിയത്. ആ പ്രസ്താവന തിരുത്തി തെറ്റി ചൂണ്ടിക്കാണിച്ച ഡോ. ഷിംന അസീസിനെ ഓപ്പറേഷൻ തൂഫാൻ വാരിയറായി ആഭ്യന്തരമന്ത്രി ക്ഷണിക്കുകയും ചെയ്തു.

പ്രസ്താവനയിലെ തിരുത്തിനേക്കാളുപരി, സമൂഹത്തിന്റെയും വ്യക്തികളുടെയും കണ്ണുകൾ പോകേണ്ടിയിരുന്നത് ആഴത്തിൽ വേരൂന്നിയ ലഹരിവ്യാപനത്തിലേക്കായിരുന്നു. പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും കർശന നടപടികൾ അനിവാര്യമാണ്. പിടിയിലാകുന്ന ലഹരിവ്യവസായ ശൃംഖലകൾക്ക് എതിരായ ഓപ്പറേഷനുകളും പിടിച്ചെടുക്കലുകളും സമൂഹത്തിന് ആശ്വാസം നൽകുന്നു. എന്നാൽ, നിയമനടപടികൾ മാത്രം കൊണ്ടു ഈ വിപത്തിനെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ലഹരിയുടെ വേരുകൾ കൂടുതൽ ആഴത്തിലാണ്- കുടുംബബന്ധങ്ങളുടെ ഇടിവിലും, യുവതലമുറയിലെ നിരാശയിലും, സാമൂഹിക അകലം വളരുന്നതിലും. ഇന്നത്തെ സാഹചര്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനം ഒരു ‘കാമ്പയിൻ’ അല്ല, മറിച്ച് ഒരു സ്ഥിരമായ സാമൂഹിക പ്രസ്ഥാനം ആവേണ്ടതുണ്ട്.

സ്കൂളുകൾ മുതൽ കുടുംബങ്ങൾ വരെ, ആരാധനാലയങ്ങൾ മുതൽ സാമൂഹിക സംഘടനകൾ വരെ – എല്ലാവരും ഒറ്റക്കെട്ടായി ഈ പ്രതിരോധത്തിന്റെ ഭാഗമാകണം. ‘എന്റെ മക്കൾ സുരക്ഷിതരാണ്’ എന്ന ആത്മവിശ്വാസം മാത്രം പോര; ‘മറ്റുള്ളവരുടെ മക്കളും സുരക്ഷിതരാകണം’ എന്ന സാമൂഹിക ഉത്തരവാദിത്തബോധമാണ് വേണ്ടത്. നിയമപാലകർ നടത്തുന്ന കർശന പരിശോധനകളും പിടിവീഴ്ചകളും ആവശ്യമാണ്. പക്ഷേ അതിനൊപ്പം തന്നെ, സമൂഹത്തിൽ അനാവശ്യമായ ഭയം അല്ലെങ്കിൽ സംഘർഷം വളരാതിരിക്കാനും ശ്രദ്ധ വേണം. സംശയത്തിന്റെ പേരിൽ നിരപരാധികൾ അപമാനിക്കപ്പെടുന്ന അവസ്ഥയും, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സാമൂഹിക കലഹത്തിലേക്ക് വഴിമാറുന്ന സാഹചര്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, ഒരു തലമുറയെ തന്നെ തകർക്കുന്ന വിപത്താണ്. അതിനാൽ ഇതിനെതിരെ ഉള്ള പോരാട്ടം ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, മുഴുവൻ സമൂഹത്തിന്റെയും കൂട്ടായ പ്രതിജ്ഞയായിരിക്കണം. നിയമവും ബോധവൽക്കരണവും കുടുംബശക്തിയും ചേർന്നാൽ മാത്രമേ ഈ സാമൂഹിക രോഗത്തെ നിയന്ത്രിക്കാനാകൂ. ഇന്ന് ആവശ്യം കൂടുതൽ നിയമങ്ങൾ അല്ല-കൂടുതൽ ജാഗ്രതയുള്ള സമൂഹമാണ്. കൂടുതൽ അറസ്റ്റുകൾ അല്ല-കൂടുതൽ ബോധവൽക്കരിച്ച യുവതലമുറയാണ്. ലഹരിക്കെതിരായ പോരാട്ടം ജയിക്കേണ്ടത് നിയമ പുസ്തകങ്ങളിലല്ല, മനുഷ്യ മനസ്സുകളിലാണ്.

You may also like