തൃശൂരിൽ ബിജെപി നടത്തിയ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിനെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ദേവസ്വം ബോർഡ് പരാതി നൽകിയത്.
രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാട് മൈതാനം വേദിയാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടന്ന് ക്ഷേത്ര മൈതാനിയിൽ പ്രവേശിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.
അതേസമയം, വന്ദേമാതരത്തിന്റെ പേരിൽ തൃശൂരിൽ ബിജെപി നടത്തിയ പ്രതിഷേധം സ്വാതന്ത്ര്യദിനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതാണെന്ന് കായിക മന്ത്രി ഒ. ജെ. ജനീഷ് വിമർശിച്ചു. ബിജെപിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐഎമ്മും പ്രതികരിച്ചു.
ബിജെപി നേതാക്കൾക്കെതിരെ നിയമലംഘനത്തിന് കേസെടുക്കണമെന്നും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ അലങ്കോലപ്പെടുത്തുന്ന ഇത്തരം പരിപാടികൾ സാധാരണഗതിയിൽ ഒരു രാഷ്ട്രീയ പാർട്ടിയും നടത്താറില്ലെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.
തൃശൂരിൽ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട് കോർപ്പറേഷനിലും വന്ദേമാതരം ആലപിച്ചു. കോഴിക്കോട് പതാക ഉയർത്തിയ ശേഷം മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം ആലപിച്ചു. അതേസമയം, ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലുകയായിരുന്നു.
മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ചുകൊണ്ടിരിക്കെയാണ് മറുവശത്ത് ബിജെപി കൗൺസിലർമാർ വന്ദേമാതരം ചൊല്ലിയത്.
8
