സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ പിന്നിട്ട് 80-ാം സ്വാതന്ത്ര്യദിനത്തിലേക്ക് രാജ്യം കടക്കുമ്പോൾ നാം അഭിമാനത്തോടെ ഓർക്കേണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുമാണ്. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ ദേശീയതയുടെ പ്രതീകങ്ങളെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾക്ക് ഭരണകൂടം തന്നെ വഴിയൊരുക്കുന്നത് ആശങ്കാജനകമാണ്. ആഗസ്റ്റ് 15ലെ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദേശം സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. ഒരു ഉത്തരവ് ഇറങ്ങുന്നു. പിന്നീട് അതിനെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങൾ വരുന്നു. ആഭ്യന്തരമന്ത്രിയും വ്യവസായമന്ത്രിയും ഒരു നിലപാട് പറയുന്നു. വിദ്യാഭ്യാസമന്ത്രി മറ്റൊരു വിശദീകരണം നൽകുന്നു. ഒടുവിൽ ലോക്ഭവൻ തന്നെ നിർദേശം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഒരു ജനാധിപത്യ സർക്കാരിന്റെ ഭരണസംവിധാനത്തിൽ ഇത്രയും ആശയക്കുഴപ്പം തന്നെ രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ അഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ദേശീയഗാനത്തിനും ദേശീയഗീതത്തിനും അവയുടേതായ ഭരണഘടനാപരവും ചരിത്രപരവുമായ സ്ഥാനമുണ്ട്. ഏത് ചടങ്ങിൽ എന്താണ് ആലപിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ പ്രോട്ടോക്കോൾ നിലനിൽക്കുമ്പോൾ, അതിനെ മറികടന്ന് പുതിയ നിർബന്ധങ്ങൾ സൃഷ്ടിക്കുന്നത് എന്തിനാണ്? ദേശീയതയെ ആദരിക്കുന്നത് നിർബന്ധങ്ങളിലൂടെയല്ല; പൗരന്മാരുടെ സ്വാഭാവികമായ അഭിമാനത്തിലൂടെയാണ്. വന്ദേമാതരത്തോട് ആർക്കും വിരോധമില്ല. അതിന്റെ ചരിത്രപരമായ പ്രാധാന്യവും സ്വാതന്ത്ര്യസമരത്തിലെ പങ്കും ചോദ്യം ചെയ്യപ്പെടേണ്ടതുമില്ല. എന്നാൽ ദേശീയതയുടെ പേരിൽ ഒരു ഗാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോഴാണ് പ്രശ്നം. രാജ്യത്തിന്റെ വൈവിധ്യവും മതനിരപേക്ഷതയും ജനാധിപത്യ സ്വഭാവവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ഇവിടെ ഉയരുന്ന മറ്റൊരു ഗൗരവമേറിയ ചോദ്യം രാഷ്ട്രീയ നിലപാടുകളുടെ സ്ഥിരതയെക്കുറിച്ചാണ്. പ്രതിപക്ഷത്തായിരിക്കുമ്പോൾ ഒരു നിലപാട്. അധികാരത്തിലെത്തിയപ്പോൾ അതിന്റെ നേർവിപരീതമായ സമീപനം. ഇത് രാഷ്ട്രീയത്തിൽ പുതുമയല്ല. പക്ഷേ ജനാധിപത്യത്തിൽ വാക്കിനും പ്രവൃത്തിക്കും തമ്മിൽ ഒരു ബന്ധമുണ്ടാകണം. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതെല്ലാം തിരഞ്ഞെടുപ്പിന് ശേഷം മറന്നുകളയുന്ന രാഷ്ട്രീയം ജനങ്ങളോടുള്ള വിശ്വാസത്തെ തകർക്കും. പി.എം. ശ്രീ, വിദ്യാഭ്യാസ നയം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളും ഇതോടൊപ്പം പരിശോധിക്കപ്പെടേണ്ടതാണ്. ഒരു സർക്കാരിന്റെ നയം അതിന്റെ പ്രസംഗങ്ങളിലല്ല, തീരുമാനങ്ങളിലാണ് വായിക്കപ്പെടുന്നത്. കോൺഗ്രസ് ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും അതിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രധാന തൂണുകളാണ്. ആ പാരമ്പര്യത്തിന്റെ പേരിൽ വോട്ട് തേടിയെത്തുന്ന സർക്കാർ, അതേ മൂല്യങ്ങളിൽ സംശയം ജനിപ്പിക്കുന്ന തീരുമാനങ്ങൾ സ്വീകരിച്ചാൽ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും. അതേസമയം, എല്ലാ കാര്യത്തിലും ആർ.എസ്.എസ്–ബി.ജെ.പി അജണ്ടയെന്ന് മുദ്രകുത്തുന്നതും മതിയാകില്ല. ആരോപണം ഉന്നയിക്കുന്നതിനേക്കാൾ പ്രധാനമാണ് സ്വന്തം ബദൽ രാഷ്ട്രീയ നിലപാട് വ്യക്തമായി മുന്നോട്ടുവയ്ക്കുക. എന്താണ് സർക്കാർ അംഗീകരിക്കുന്നത്, എന്താണ് നിരാകരിക്കുന്നത്, എന്തുകൊണ്ടാണ് നിരാകരിക്കുന്നത്-ഇക്കാര്യങ്ങളിൽ വ്യക്തത വേണം. കേരളം രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണ്. ഇവിടെ ജനങ്ങൾ മുദ്രാവാക്യങ്ങൾ മാത്രമല്ല, നിലപാടുകളുടെ സ്ഥിരതയും ഭരണത്തിന്റെ ദിശയും പരിശോധിക്കും. ദേശീയതയെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും സംസാരിക്കുന്നവർ ആദ്യം സ്വന്തം തീരുമാനങ്ങളിൽ അതിന്റെ പ്രതിഫലനം ഉറപ്പാക്കണം. വന്ദേമാതരം പാടണോ വേണ്ടയോ എന്നതിലല്ല യഥാർഥ തർക്കം. ഒരു ജനാധിപത്യ സർക്കാർ ജനങ്ങളോട് എത്രത്തോളം സുതാര്യമാണ് എന്നതാണ് അടിസ്ഥാന ചോദ്യം. ഉത്തരവ് ഇറക്കി പിന്നീട് അതിൽനിന്ന് പിന്മാറുകയും, ഉത്തരവാദിത്വം മറ്റൊരാളുടെ മേൽ ചുമത്തുകയും ചെയ്യുന്ന ഭരണരീതി ദീർഘകാലം മുന്നോട്ടുപോകില്ല. ഭരണകൂടത്തിന് വേണ്ടത് ആശയക്കുഴപ്പമല്ല, ആശയവ്യക്തതയാണ്; രാഷ്ട്രീയ തന്ത്രമല്ല, രാഷ്ട്രീയ ഇച്ഛാശക്തിയാണ്; വാക്കുകളുടെ കളിയല്ല, നിലപാടുകളുടെ വിശ്വാസ്യതയാണ്.
സ്വാതന്ത്ര്യത്തിന്റെ എൺപതാം വർഷത്തിലേക്ക് കടക്കുന്ന കേരളത്തിന് വേണ്ടത് ദേശീയതയുടെ പേരിലുള്ള പുതിയ വിവാദങ്ങളല്ല. ഭരണഘടനയെ മുൻനിർത്തിയ, മതനിരപേക്ഷതയെ സംരക്ഷിക്കുന്ന, വാക്കിനും പ്രവൃത്തിക്കും ഒരേ അർഥമുള്ള രാഷ്ട്രീയം. അല്ലാത്തപക്ഷം പുതിയ രാഷ്ട്രീയ കാലത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കേണ്ടിവരും- ‘വാക്കിന് നിലപാടില്ലാത്ത കാലം’.
1
