Home Editorialവോട്ടർപട്ടിക ശുദ്ധീകരിക്കുമ്പോൾ ജനാധിപത്യം അശുദ്ധമാകരുത്

വോട്ടർപട്ടിക ശുദ്ധീകരിക്കുമ്പോൾ ജനാധിപത്യം അശുദ്ധമാകരുത്

by news_desk
0 comments

വോട്ടർപട്ടിക ശുദ്ധീകരണം ജനാധിപത്യത്തിന്റെ അനിവാര്യമായ പ്രക്രിയയാണ്. എന്നാൽ ശുദ്ധീകരണത്തിന്റെ പേരിൽ യഥാർഥ വോട്ടർമാർക്ക് സ്വന്തം പൗരത്വവും വോട്ടവകാശവും തെളിയിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ, ചോദ്യംചെയ്യേണ്ടത് വോട്ടറെയല്ല, നടപടിക്രമത്തെയാണ്. ഡൽഹിയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന്റെ ഭാഗമായി സർവീസിലുള്ളവരും വിരമിച്ചവരുമായ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്.എസ്. സന്ധുവിനും നോട്ടീസ് ലഭിച്ചുവെന്നത് ഈ നടപടിക്രമം ഉയർത്തുന്ന ചോദ്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. സന്ധുവിന്റെ രേഖകൾ പിന്നീട് പരിശോധിച്ച് വോട്ടർപട്ടികയിലെ ഉൾപ്പെടുത്തൽ സാധൂകരിച്ചതായും റിപ്പോർട്ടുണ്ട്. ഇവിടെ ഉയരുന്ന ചോദ്യം ലളിതമാണ്: ഭരണസംവിധാനത്തിന്റെ ഉന്നതതലത്തിൽ പ്രവർത്തിച്ച ഒരാൾക്കുപോലും തന്റെ വോട്ടർ രേഖയിലെ പൊരുത്തക്കേട് വിശദീകരിക്കേണ്ടിവരുന്നുവെങ്കിൽ, രേഖകൾ പരിമിതമായ സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും?. ഡൽഹിയിലെ എസ്.ഐ.ആറിൽ പഴയ വോട്ടർപട്ടികയുമായുള്ള വിവരങ്ങൾ ബന്ധിപ്പിക്കാനാകാത്തതും വിവിധ വിവരങ്ങളിലെ പൊരുത്തക്കേടുകളുമാണ് നോട്ടീസുകൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം 33 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകുന്ന ഘട്ടത്തിലേക്ക് നടപടിയെത്തിയിരുന്നു. വോട്ടർപട്ടികയിലെ ഓരോ പേരും ഒരു മനുഷ്യനാണ്; ഓരോ പേരിനുപിന്നിലും ഒരു കുടുംബവും ഒരു ജീവിതവുമുണ്ട്. അതുകൊണ്ടുതന്നെ വോട്ടർപട്ടിക പരിഷ്കരണം ഹൃദയശസ്ത്രക്രിയയുടെ സൂക്ഷ്മതയോടെ നടത്തേണ്ട പ്രക്രിയയാണ്. ഒരു തെറ്റായ ഒഴിവാക്കൽ പോലും ഒരാളുടെ ജനാധിപത്യ അവകാശം നഷ്ടപ്പെടുത്തും. പഴയ രേഖകളെ അടിസ്ഥാനമാക്കി ഇന്നത്തെ പൗരനെ അളക്കുമ്പോൾ പ്രത്യേകിച്ചും ഡൽഹിപോലുള്ള നിരന്തര കുടിയേറ്റ നഗരങ്ങളിൽ തെറ്റുകളും പൊരുത്തക്കേടുകളും ഉണ്ടാകാനുള്ള സാധ്യത സ്വാഭാവികമാണ്. ഇതിനകം തന്നെ ഡ്രാഫ്റ്റ് പട്ടികയിൽ പേരുകൾ തെറ്റായി ഒഴിവാക്കിയതായും ജീവിച്ചിരിക്കുന്ന വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തിയതായും പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് എസ്.ഐ.ആറിന്റെ ലക്ഷ്യം ചോദ്യം ചെയ്യേണ്ടതില്ല; നടത്തിപ്പിന്റെ രീതിയാണ് അടിയന്തരമായി പുനഃപരിശോധിക്കേണ്ടത്. സാധാരണ പൗരന് എളുപ്പത്തിൽ ലഭ്യമായ രേഖകൾ സ്വീകരിക്കുക, ആവശ്യമായ സമയം അനുവദിക്കുക, ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകുക, നോട്ടീസിന്റെ കാരണം വ്യക്തമായി അറിയിക്കുക, അപ്പീലിനും തിരുത്തലിനും ലളിതമായ സംവിധാനം ഒരുക്കുക-ഇവയെല്ലാം ഉറപ്പാക്കണം.
വോട്ടർപട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കുന്നതിനൊപ്പം ഒരു അർഹനായ പൗരനും പുറത്താകരുത് എന്നതാണ് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തം. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വോട്ടർ സേവനങ്ങളിൽ രേഖകൾ തിരുത്താനും വോട്ടർപട്ടികയിൽ പേര് ചേർക്കാനും അവസരങ്ങൾ നൽകുന്നുണ്ട്. എസ്.ഐ.ആർ ജനാധിപത്യത്തിന്റെ സുരക്ഷയ്ക്കുള്ള ഉപാധിയാകണം; ജനാധിപത്യാവകാശം തെളിയിക്കാനുള്ള പരീക്ഷയായി മാറരുത്. വോട്ടർപട്ടിക ശുദ്ധീകരിക്കുമ്പോൾ ജനങ്ങളുടെ വിശ്വാസം കൂടി സംരക്ഷിക്കണം. അല്ലാത്തപക്ഷം പട്ടികയിൽനിന്ന് പേരുകൾ മാത്രം ശുദ്ധീകരിക്കപ്പെടും; ജനാധിപത്യത്തിന്റെ വിശ്വാസ്യതയാണ് അശുദ്ധമാകുക.

You may also like