തൃശൂർ: വാൽപ്പാറ അപ്പർപറളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. തോട്ടം തൊഴിലാളികളായ ഗുരുസ്വാമി–നാഗജ്യോതി ദമ്പതികളുടെ മകൻ ഭീഷിതനാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടികൂടി 15 മീറ്ററോളം വലിച്ചിഴച്ചു. ആക്രമണം കണ്ട നാഗജ്യോതി ബഹളംവച്ചതോടെ തോട്ടം തൊഴിലാളികൾ ഓടിയെത്തി. തുടർന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പുലിയാക്രമണം നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും പലരും തലനാരിഴയ്ക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു.
