കേരള സർവകലാശാലയിലെ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ തയ്യാറാക്കിയതായി പുറത്തുവന്ന കരട് മാർഗരേഖ ഒരു സർവകലാശാലാ ചട്ടത്തിന്റെ പരിധി കടന്ന് ജനാധിപത്യത്തിന്റെ അടിസ്ഥാന ചോദ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. രാഷ്ട്രീയം പറയരുത്, സമരം ചെയ്യരുത്, മുദ്രാവാക്യം വിളിക്കരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തരുത്-ഇതെല്ലാം ചേർന്നാൽ കാമ്പസിൽ അവശേഷിക്കുന്നത് പഠനം മാത്രമല്ലേ? ചിന്തയും സംവാദവും പ്രതിഷേധവും ഒഴിവാക്കിയാൽ അത് സർവകലാശാലയാകുമോ? അച്ചടക്കത്തിന്റെ പേരിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യത്തിന് സർവകലാശാല മറുപടി പറയണം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ അക്രമവും പൊതുമുതൽ നശിപ്പിക്കലും മറ്റുള്ളവരുടെ പഠനം തടസ്സപ്പെടുത്തലും അനുവദിക്കരുത്. എന്നാൽ അക്രമവും രാഷ്ട്രീയ ആശയപ്രകടനവും ഒരേ തട്ടിൽ നിർത്തുന്നത് അപകടകരമാണ്. സമാധാനപരമായ പ്രതിഷേധത്തെ കുറ്റകരമായ പ്രവർത്തനമായി കാണുന്ന സമീപനം ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തോടുതന്നെ ഏറ്റുമുട്ടും. അതിലും ഗൗരവമുള്ളതാണ് പിഴയുടെ ഭീഷണി. 5,000 മുതൽ 10,000 രൂപ വരെയും ആവർത്തിച്ചാൽ ഒരു ലക്ഷം രൂപ വരെയും പിഴ, പിഴ അടച്ചില്ലെങ്കിൽ പരീക്ഷയെഴുതുന്നതിൽ നിയന്ത്രണം-ഇത്തരം ശിക്ഷകൾ നിർദേശിക്കുന്നതിന് മുമ്പ് അതിന് സർവകലാശാലയ്ക്കുള്ള നിയമപരമായ അധികാരം എന്താണെന്ന് വ്യക്തമാക്കണം. ഒരു വിദ്യാർഥിയുടെ സാമ്പത്തികശേഷിയെ ശിക്ഷയുടെ അളവുകോലാക്കുന്നത് നീതിയുക്തമാണോ എന്നും ചോദിക്കേണ്ടതുണ്ട്. ‘ദേശവിരുദ്ധവും വിവാദപരവുമായ പരിപാടികൾ’ എന്ന പ്രയോഗവും പ്രത്യേക പരിശോധന ആവശ്യപ്പെടുന്നു. ഗാസയിലെ മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്താൽ അത് ദേശവിരുദ്ധമാകുമോ? മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് സെമിനാർ നടത്തിയാൽ അത് വിവാദപരമാകുമോ? വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് പ്രതിഷേധിച്ചാൽ അതും രാഷ്ട്രീയ പ്രചാരണമാകുമോ? ‘ദേശവിരുദ്ധം’ എന്നതിന് വ്യക്തമായ നിയമപരമായ നിർവചനം ഇല്ലാതെ ഒരു ഭരണസമിതിക്ക് അതിനെ എങ്ങനെ അച്ചടക്കനടപടിയുടെ മാനദണ്ഡമാക്കാനാകും?. ഇവിടെയാണ് ഇരട്ടത്താപ്പിന്റെ ആരോപണവും ഉയരുന്നത്. രാജ്യത്തെ സർവകലാശാലകളിൽ വിദ്യാർഥി സംഘടനകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും രാഷ്ട്രീയ വിഷയങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്യുമ്പോൾ അതിനെ ജനാധിപത്യത്തിന്റെ ഭാഗമായാണ് കാണുന്നത്. എന്നാൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനപരമായ രാഷ്ട്രീയ ഇടപെടലുകൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കം ഉണ്ടാകുന്നുവെങ്കിൽ അതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ നിറം മാറുമ്പോൾ ജനാധിപത്യത്തിന്റെ നിർവചനവും മാറുന്നുണ്ടോ?. കേരളത്തിന്റെ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കലാലയങ്ങൾ രാഷ്ട്രീയ ബോധത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. വിവിധ രാഷ്ട്രീയ ആശയങ്ങളുമായി ഏറ്റുമുട്ടിയും ചർച്ചചെയ്തും വളർന്ന തലമുറകളാണ് പിന്നീട് പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് കടന്നുവന്നത്. ആ പാരമ്പര്യത്തിന്റെ പേരിൽ അക്രമത്തെ ന്യായീകരിക്കാനാവില്ല; അതുപോലെ അക്രമത്തെ ചൂണ്ടിക്കാട്ടി രാഷ്ട്രീയ ചിന്തയെ തന്നെ നിരോധിക്കാനും കഴിയില്ല. കോടതിയുടെ നിർദേശത്തെ തുടർന്നാണ് കരട് തയ്യാറാക്കിയതെന്ന സർവകലാശാലയുടെ വിശദീകരണം ഉണ്ടെങ്കിൽ പോലും കോടതി എന്താണ് നിർദേശിച്ചത്, അതിന്റെ പരിധി എന്താണ്, സർവകലാശാല അതിനെ എങ്ങനെ വ്യാഖ്യാനിച്ചു-ഇവ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കണം. കരട് അന്തിമമല്ലെങ്കിൽ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്ന വ്യവസ്ഥകൾ എന്തിനാണ് ഉൾപ്പെടുത്തിയതെന്നും വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലയ്ക്ക് അച്ചടക്കം ഉറപ്പാക്കാനുള്ള അധികാരമുണ്ട്. എന്നാൽ അച്ചടക്കം എന്നത് അനുസരണയും നിശ്ശബ്ദതയും മാത്രമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാനും ചോദ്യം ചെയ്യാനും വിയോജിക്കാനും പഠിപ്പിക്കുന്ന ഇടമാണ് സർവകലാശാല. അതുകൊണ്ട് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കരട് വിദ്യാർഥി സംഘടനകൾക്കും അധ്യാപകർക്കും നിയമവിദഗ്ധർക്കും പൊതുസമൂഹത്തിനും മുന്നിൽ തുറന്ന ചർച്ചയ്ക്ക് വയ്ക്കണം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശവും സംരക്ഷിച്ചുകൊണ്ടുതന്നെ അക്രമത്തിനെതിരെ കർശനമായ ചട്ടങ്ങൾ രൂപപ്പെടുത്താം. കാമ്പസിൽ അക്രമങ്ങളെയാണ് വിലക്കേണ്ടത്, ആശയങ്ങളെയല്ല. മുദ്രാവാക്യങ്ങളെ ഭയപ്പെടുന്ന സർവകലാശാലയല്ല, ചോദ്യങ്ങളെ നേരിടുന്ന സർവകലാശാലയാണ് ജനാധിപത്യത്തിന്റെ അടയാളം. കേരള സർവകലാശാല ഇപ്പോൾ തീരുമാനിക്കേണ്ടത് കാമ്പസിനെ നിശ്ശബ്ദമാക്കണമോ, അതോ ഉത്തരവാദിത്തമുള്ള ജനാധിപത്യ സംവാദത്തിന്റെ ഇടമായി നിലനിർത്തണമോ എന്നതാണ്.
4
