Home Top Storiesഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; പിഎസ്‌സി ചെയർമാന്റെ വാഹനത്തിന് ലോഗ് ബുക്കില്ല

ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; പിഎസ്‌സി ചെയർമാന്റെ വാഹനത്തിന് ലോഗ് ബുക്കില്ല

by news_desk1
0 comments

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ വാഹനങ്ങൾക്ക് ലോഗ് ബുക്ക് നിർബന്ധമായിരിക്കെ, ഇത് സൂക്ഷിക്കാത്തതിന്റെ കാരണം ചെയർമാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മുൻ പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് വിവരം. കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് ഇല്ലെന്നാണ് റിപ്പോർട്ട്.

വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര ദൂരം സഞ്ചരിച്ചു തുടങ്ങിയ വിവരങ്ങൾ ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഏത് സമയത്തും ലോഗ് ബുക്ക് പരിശോധിക്കാൻ ധനകാര്യ വകുപ്പിന് അധികാരമുണ്ട്. എന്നാൽ, ഒൻപത് വർഷമായി തുടരുന്ന ഈ ചട്ടലംഘനത്തിൽ ധനകാര്യ വകുപ്പ് പരിശോധന നടത്തിയിട്ടുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവിൽ പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ വാഹനം എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന വിവരങ്ങൾ വ്യക്തമല്ല. പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയും ചെയർമാൻ ഉൾപ്പെടെയുള്ളവർ സംശയനിഴലിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റൊരു ഗുരുതര ചട്ടലംഘനം കൂടി പുറത്തുവരുന്നത്.

പിഎസ്‌സിയുമായി ബന്ധപ്പെട്ട നൂറിലേറെ പരാതികളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ഈ സാഹചര്യത്തിൽ ഔദ്യോഗിക വാഹനത്തിന്റെ യാത്രാ വിവരങ്ങൾ ചെയർമാൻ രേഖപ്പെടുത്താതെ വെച്ചത് എന്തുകൊണ്ടാണെന്നത് ദുരൂഹമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

മുൻ ചെയർമാനും ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കൃത്യമായ പരിശോധന നടത്താതിരുന്ന ധനകാര്യ വകുപ്പിനെതിരെയും വിമർശനം ശക്തമാകുകയാണ്. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ഗവർണറാണെങ്കിലും ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

You may also like