വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിടുന്ന ബിൽ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് പോകും.
സെനറ്റ് പാസാക്കിയ ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിച്ചാൽ ഇന്ത്യ–അമേരിക്ക വ്യാപാരബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ത്യക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന വ്യവസ്ഥയാണ് ആശങ്കയ്ക്ക് കാരണം.
അതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ചരക്ക് വ്യാപാരം സുഗമമാക്കുന്നതിനായി ഇന്ത്യയിലേക്ക് പുതിയ റെയിൽപാത ഒരുക്കാനുള്ള സാധ്യത റഷ്യ പരിശോധിക്കുന്നു. ഹോർമൂസ് കടലിടുക്കിലെയും തുർക്കിയിലെ ബോസ്ഫറസ് കടലിടുക്കിലെയും യുദ്ധസാഹചര്യവും സുരക്ഷാ ഭീഷണിയും ഒഴിവാക്കി വ്യാപാരം സുഗമമാക്കുന്നതിനുള്ള ബദൽ പാതയാണ് റഷ്യ പരിഗണിക്കുന്നത്.
റഷ്യൻ ഉപപ്രധാനമന്ത്രി മരറ്റ് ഖുസ്നലിൻ ഒരു അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ പാത കടന്നുപോകുന്ന രീതിയിലാണ് പദ്ധതി പരിഗണിക്കുന്നത്. വ്യാപാരത്തിൽ റഷ്യ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രൂഡ് ഓയിൽ വിൽപനയാണ്.
പുതിയ പാത നിലവിൽ വന്നാൽ യുദ്ധഭീഷണി ഉണ്ടായാലും ഊർജമേഖലയിൽ പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവ്യാപാരത്തിൽ 25 ശതമാനവും എൽഎൻജി വ്യാപാരത്തിൽ 20 ശതമാനവും കുറവുണ്ടായിരുന്നുവെന്നും വാർത്തയിൽ പറയുന്നു.
ഇത്തരം പ്രതിസന്ധികൾ മറികടക്കുകയാണ് പുതിയ പാതയുടെ പ്രധാന ലക്ഷ്യം. എന്നാൽ നിലവിൽ ഇത് ഒരു നിർദേശം മാത്രമാണ്. റെയിൽപാതയുടെ ആകെ ദൂരം, നിർമാണച്ചെലവ് രാജ്യങ്ങൾ പങ്കിടുമോ, എപ്പോഴാണ് പാത കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിടുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല.
