പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി പറയുന്നത് മാറ്റിയത്.
പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. കേസിൽ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും സുധാകരന്റെ മക്കളും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കാനായി മാറ്റിയത്.
കൃത്യം നടന്ന് ഒന്നര വർഷം പിന്നിട്ടിരിക്കുകയാണ്. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
ഇതിന് മുമ്പ് 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചിരുന്നു.
നെന്മാറയിലെ ഈ ക്രൂരമായ ഇരട്ടക്കൊല കേരളമൊട്ടാകെ വലിയ ജനരോഷത്തിന് ഇടയാക്കിയ കേസായിരുന്നു.

