അമ്പൂരി: വിനോദയാത്രയ്ക്കിടെയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വയസ്സുകാരിക്ക് ജീവൻ നഷ്ടമായി. കാട്ടാക്കട കൊറ്റംമ്പള്ളി സ്വദേശികളായ അനു പ്രസാദ്–നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്.
അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് ഉരുണ്ടുനീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൂന്ന് കുടുംബങ്ങൾ ഒരുമിച്ച് വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു.
പാലത്തിന് സമീപം വാഹനം നിർത്തിയ ശേഷം എല്ലാവരും പുറത്തിറങ്ങി നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായതിനെ തുടർന്ന് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മുന്നോട്ട് ഉരുണ്ടെന്നാണ് പ്രാഥമിക വിവരം. സമീപത്തുണ്ടായിരുന്ന കുട്ടിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഋഗ്വേദയെ ഉടൻ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

