കോന്നി: കോന്നിയിലെ 13 വയസ്സുകാരിയുടെ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപണം. കാലിൽ ബൂട്ടിട്ട് ചവിട്ടിയെന്നും, മുടിയിൽ പിടിച്ച് വലിച്ചെന്നും, ചെവി പിടിച്ച് കറക്കിയെന്നും യുവാവ് ആരോപിച്ചു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും മർദനം തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തീയതി വൈകിട്ട് കസ്റ്റഡിയിലെടുത്ത ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചതെന്ന് യുവാവ് പറഞ്ഞു. ഈ സമയമത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നുവെന്നും, ആളുമാറി സഹോദരനെയും കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ചൈൽഡ് ഹെൽപ് ലൈൻ വഴിയാണ് പെൺകുട്ടിയുടെ പരാതി പൊലീസിന് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ആദ്യം നൽകിയ മൊഴിയിലും പിന്നീട് നൽകിയ മൊഴിയിലും വൈരുധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു.
അതേസമയം, രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിലെ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ചൈൽഡ് ഹെൽപ് ലൈനിൽ തെറ്റായ മൊഴി നൽകിയ സാഹചര്യം പരിശോധിക്കുമെന്നും, പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
13 കാരിയുടെ മൊഴി പൂർണമായും വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. സഹപാഠിയുമായുള്ള പ്രണയബന്ധം അവസാനിച്ചതിലുള്ള നിരാശയാണ് വ്യാജ പരാതി നൽകാൻ കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

