പാലക്കാട്: റോഡിലെ കുഴി വീണ്ടും അപകടത്തിന് കാരണമായി. മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് ഇന്ന് രാവിലെ നടന്ന അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്, സവിത എന്നിവർക്കാണ് പരിക്കേറ്റത്.
വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപം റോഡിലെ കുഴി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ബ്രേക്ക് ചെയ്തു. ഇതേ ദിശയിൽ പിന്നിൽ വന്ന മീൻ കയറ്റിയ മിനിലോറി കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ മുന്നോട്ട് നീങ്ങി തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന ഇരുവർക്കും പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

