ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിനിടെ സിസിടിവി ക്യാമറകൾ മാറ്റിസ്ഥാപിച്ചതിൽ ദുരൂഹത ഉയരുന്നു. മോഷണാരോപണം പുറത്തുവരുന്നതിന് ദിവസങ്ങൾ മുമ്പാണ് ക്ഷേത്രത്തിലെ ക്യാമറകൾ മാറ്റിയതെന്നാണ് വിവരം.
എന്നാൽ, ക്യാമറകൾ മാറ്റിയത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) വിശദീകരിക്കുന്നത്. പഴയ ദൃശ്യങ്ങൾ മുഴുവൻ സിസ്റ്റത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി അവ കൈമാറുമെന്നും അധികൃതർ അറിയിച്ചു.
സംഭാവനാ തട്ടിപ്പ് ആരോപണങ്ങളിൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്താൻ ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയതായും കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് അറിയിച്ചു. അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരന് വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിൽ ക്രമക്കേട് നടന്നതായാണ് ആരോപണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണ റിപ്പോർട്ട് പൊതുജനങ്ങൾക്കായി പുറത്തുവിടുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും, വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ നിർദേശം നൽകിയതായും ഹേമന്ത് ദ്വിവേദി അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ, 1939ലെ ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ആക്ട് പ്രകാരം വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. സാഹചര്യ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ടവരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് വ്യക്തമാക്കി.

