ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണാഭരണങ്ങൾ തിരിച്ചറിയാതിരിക്കാനായി ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കവർന്നെടുത്ത സ്വർണ-വെള്ളി ആഭരണങ്ങൾ ഉരുക്കി ബിസ്കറ്റുകളാക്കി മാറ്റിയതിലൂടെ അവയുടെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നിരവധി പരിശോധനകളും റെയ്ഡുകളും നടത്തിയിട്ടും മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.
ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളുടെയും കണക്ക്, സൂക്ഷിപ്പ്, പരിപാലനം എന്നിവ സംബന്ധിച്ച് ക്ഷേത്ര ചുമതലക്കാരനായ കെ.ഡി. ബാബുവിൽ നിന്ന് അന്വേഷണ സംഘം നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭക്തർ സമർപ്പിച്ച സ്വർണം, വെള്ളി, ആഭരണങ്ങൾ തുടങ്ങിയ വഴിപാടുകളുടെ രേഖകളും സർക്കാർ ഉടമസ്ഥതയിലുള്ള മിന്റുമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കുകളിലേക്കും മിന്റിലേക്കും അയച്ച വിലപിടിപ്പുള്ള ലോഹങ്ങളുടെ കണക്കുകളും അനുബന്ധ നടപടിക്രമങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തങ്ങളുടെ ത്രൈമാസ യോഗങ്ങളിൽ പണമായി ലഭിച്ച സംഭാവനകളും വരുമാനവും അവലോകനം ചെയ്തിരുന്നുവെങ്കിലും, സ്വർണം, വെള്ളി, ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വഴിപാടുകളുടെ അളവ്, മൂല്യം, സ്റ്റോക്ക് എന്നിവ സംബന്ധിച്ച വിശദമായ രേഖകൾ സ്ഥിരമായി യോഗ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ഭക്തരിൽ നിന്ന് ലഭിച്ച വിലപിടിപ്പുള്ള ലോഹങ്ങളുടെ ഗുണനിലവാരവും അളവും പരിശോധിക്കുന്നതിനായി 9.44 ക്വിന്റൽ (944 കിലോഗ്രാം) വെള്ളി സർക്കാർ നിയന്ത്രണത്തിലുള്ള മിന്റിലേക്ക് പരിശോധനയ്ക്കും ഉരുക്കുന്നതിനുമായി ട്രസ്റ്റ് ആദ്യഘട്ടത്തിൽ അയച്ചിരുന്നു. ക്ഷേത്രത്തിന് വഴിപാടായി ഏകദേശം 13 ക്വിന്റൽ വെള്ളിയും 20 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ടെന്ന് ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ അക്കൗണ്ടുകൾ വീണ്ടും ഓഡിറ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. ക്ഷേത്ര നിർമാണച്ചെലവുകൾക്കൊപ്പം സ്വർണം, വെള്ളി, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വഴിപാടുകൾ എന്നിവയും വിശദമായി പരിശോധിക്കാനാണ് നീക്കം.
ജൂൺ 7-നാണ് വഴിപാടുകൾ തട്ടിയെടുത്തെന്ന ആരോപണം പുറത്തുവന്നത്. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ജൂൺ 25-ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ക്ഷേത്രത്തിലെ വഴിപാടുകൾ എണ്ണുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ അവിനാഷ് ശുക്ലയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. വഴിപാടുകൾ എണ്ണുന്ന ജോലിയിൽ പങ്കാളിയായിരുന്ന ശുക്ലയിൽ നിന്നാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ തുക പിടിച്ചെടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര, ക്ഷേത്ര ഉദ്യോഗസ്ഥൻ ഗോപാൽ റാവു എന്നിവരെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഇവരുടെ പേരുകളും ഉയർന്നുവന്നിട്ടുണ്ട്. ഇതിനിടെ ചമ്പത് റായിയും അനിൽ മിശ്രയും രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും ജൂലൈ 6-ന് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

