ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള ബദൽ മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.
തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവിലെ വധശിക്ഷാ രീതി കേന്ദ്രസർക്കാരിന് പുനഃപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
വധശിക്ഷ നടപ്പാക്കുന്ന രീതി ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് വേദന കുറയ്ക്കുന്നതും അവരുടെ അന്തസ്സ് സംരക്ഷിക്കുന്നതുമായ ബദൽ മാർഗമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അന്തസ്സോടെ മരിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരൻ വാദിച്ചു.
2017ലാണ് മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്ര തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വധശിക്ഷയ്ക്കായി തൂക്കിലേറ്റണമെന്ന് വ്യവസ്ഥ ചെയ്യുന്ന സി.ആർ.പി.സി സെക്ഷൻ 354(5) ആണ് ഹർജിക്കാരൻ ചോദ്യം ചെയ്തത്.
തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. വിദേശ രാജ്യങ്ങളിൽ തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്ന നടപടികളും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് നിയമസഹായം നൽകുന്ന പ്രോജക്ട് 39എയെ പ്രതിനിധീകരിച്ച് അഡ്വ. മീനാക്ഷി അറോറയും കോടതിയിൽ വാദിച്ചു. മാരക കുത്തിവെപ്പ് എല്ലായ്പ്പോഴും വിജയകരമായ മാർഗമല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് അവർ കോടതിയെ അറിയിച്ചു. വിഷയം വിശദമായി പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, വധശിക്ഷ നടപ്പാക്കുന്ന രീതിയെക്കുറിച്ച് സർക്കാർ പരിശോധിച്ചുവരികയാണെന്ന് കോടതിയെ അറിയിച്ചിരുന്നു.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരുകയാണ്.
