തിരുവനന്തപുരം: വധശ്രമ കേസിൽ ബിജെപി കൗൺസിലർ സുഗതന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യം അനുവദിച്ചില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ഇരുകേസുകളിലും ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് വെടിയുതിർത്ത് സംഘർഷാന്തരീക്ഷത്തിനിടെയായിരുന്നു കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ.
വട്ടിയൂർക്കാവിന് സമീപം ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിലാണ് സുഗതൻ പ്രതിയായത്. ഈ കേസിൽ ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്ന് വട്ടിയൂർക്കാവ് എസ്‌എച്ച്‌ഒയ്ക്ക് മുന്നിൽ കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നെങ്കിലും സുഗതൻ ഹാജരായില്ല. ഇതിനെത്തുടർന്നാണ് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലും ഇയാൾക്കെതിരെ നടപടിയുണ്ട്. ഈ കേസിലും കോടതി ജാമ്യം നിഷേധിച്ചു.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. വിവിധ വർഷങ്ങളിലായി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ലുകൊണ്ട് തലക്കടിച്ച സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമക്കേസ്, 2023 ജൂലൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ്, മറ്റൊരു കേസിൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ചതെന്ന കേസ്, 2025 മാർച്ചിൽ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമക്കുറ്റം, 2025 ജൂലൈയിൽ സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനച്ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് എന്നിവ ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ഈ കേസുകൾ നിലനിൽക്കെയായിരുന്നു കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത്.

