Home Nationalചെലവഴിച്ചത് വെറും 87 ലക്ഷം, ഫണ്ടിൽ കുമിഞ്ഞുകൂടുന്നത് കോടികൾ; പി.എം കെയർസ് പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

ചെലവഴിച്ചത് വെറും 87 ലക്ഷം, ഫണ്ടിൽ കുമിഞ്ഞുകൂടുന്നത് കോടികൾ; പി.എം കെയർസ് പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

by news_desk
0 comments

ന്യൂഡൽഹി: കോവിഡ് മഹാമാരി പോലെയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി രൂപീകരിച്ച പി.എം കെയർസ് (PM CARES) ഫണ്ടിന്റെ പുതിയ ഓഡിറ്റ് റിപ്പോർട്ടും സാമ്പത്തിക വിവരങ്ങളും കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം ഫണ്ടിലെ ആകെ നീക്കിയിരിപ്പ് തുക 8,452.95 കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 7,188.63 കോടി രൂപയായിരുന്നു.

ഫണ്ടിലുള്ള തുകയുടെ 93 ശതമാനത്തോളം വരുന്ന ഭൂരിഭാഗവും (7,846.65 കോടി രൂപ) ബാങ്ക് സ്ഥിരനിക്ഷേപങ്ങളായാണ് (FD) സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ എഫ്.ഡി നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച 469.38 കോടി രൂപയുടെ പലിശയാണ് ഫണ്ടിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി മാറിയത്. ആഭ്യന്തര, വിദേശ സംഭാവനകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര സംഭാവന മുൻ വർഷത്തെ 681.81 കോടി രൂപയിൽ നിന്ന് 479.05 കോടിയായും വിദേശ സംഭാവന 11.35 ലക്ഷം രൂപയിൽ നിന്ന് 9.28 ലക്ഷം രൂപയായും ഇടിഞ്ഞു.

അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷം ഫണ്ടിൽ നിന്നുള്ള ചെലവഴിക്കൽ വളരെ കുറവായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻ വർഷം വിവിധ ആവശ്യങ്ങൾക്കായി 15.60 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം ആകെ ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ മാത്രമാണ്. സംഭാവനകൾ കുറഞ്ഞെങ്കിലും ബാങ്ക് പലിശയായി കോടികൾ ഒഴുകിയെത്തിയതാണ് പി.എം കെയർസിന്റെ ആകെ മൂല്യം വർദ്ധിക്കാൻ കാരണമായത്.

You may also like