Home Nationalവീട്ടിൽ മോഷണശ്രമം; സിസിടിവിയിൽ കുടുങ്ങിയ യുവതി പിടിയിലായപ്പോൾ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

വീട്ടിൽ മോഷണശ്രമം; സിസിടിവിയിൽ കുടുങ്ങിയ യുവതി പിടിയിലായപ്പോൾ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണി

by news_desk1
0 comments

ജയ്പുർ: വീട്ടിൽ കയറി മോഷണശ്രമം നടത്തിയ യുവതി പിടിക്കപ്പെട്ടതോടെ വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. വീട്ടിൽ കയറി മോഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങളിലൂടെ യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജയ്പുരിലെ മുഹാന പ്രദേശത്തെ ഒരു വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ട ഗൃഹനാഥനാണ് മോഷണശ്രമം തിരിച്ചറിഞ്ഞത്.

ദിവസങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മോഷണം നടന്നിരുന്നു. അന്ന് സ്വർണാഭരണങ്ങളും പണവും നഷ്ടമായതിനെ തുടർന്നാണ് ഗൃഹനാഥൻ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.

വ്യാഴാഴ്ച ഗൃഹനാഥനും കുടുംബവും വീട് പൂട്ടി പുറത്തുപോയ സമയത്താണ് യുവതി വീട്ടിൽ കയറി മോഷണശ്രമം നടത്തിയത്. യാത്രയ്ക്കിടെ മൊബൈൽഫോണിലൂടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഗൃഹനാഥൻ, കിടപ്പുമുറിക്കുള്ളിൽ അലമാര തുറന്ന് ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി പരിശോധിക്കുന്ന യുവതിയെ കണ്ടു.

ഉടൻതന്നെ അദ്ദേഹം അയൽവാസിയെ വിവരം അറിയിച്ചു. അയൽവാസി സ്ഥലത്തെത്തി വീടിന്റെ ഗേറ്റും വാതിലും പുറത്തുനിന്ന് പൂട്ടി. ഇതിനിടെ ഗൃഹനാഥനും തിരിച്ചെത്തി.

വീട്ടിനുള്ളിൽ കുടുങ്ങുകയും മോഷണശ്രമം പിടിക്കപ്പെടുകയും ചെയ്തതോടെ രക്ഷപ്പെടാനായി യുവതി വസ്ത്രമുരിയാൻ ശ്രമിക്കുകയും, എല്ലാവരെയും പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളും ഗൃഹനാഥൻ മൊബൈൽഫോണിൽ പകർത്തി.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

You may also like