Home Nationalഅയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ വേണമെന്ന് ആവശ്യം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ വേണമെന്ന് ആവശ്യം

by news_desk1
0 comments

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

ആർഎസ്എസ് സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.

കോടിക്കണക്കിന് ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർന്നുവന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം ദുരുപയോഗം ചെയ്തുവെന്ന വാർത്തകൾ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും ആർഎസ്എസ് വ്യക്തമാക്കി.

ക്ഷേത്ര ഭരണസംവിധാനത്തിലും സുതാര്യതയിലും ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും ദത്താത്രേയ ഹൊസബാളെ കൂട്ടിച്ചേർത്തു.

കാണിക്കപ്പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എട്ട് പേരെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ടിന്നു എന്നയാൾ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായിരുന്നു. മറ്റൊരു പ്രതിയായ ശ്രീവാസ്തവ് വിരമിച്ച ബാങ്ക് ജീവനക്കാരനും കാണിക്കപ്പണം എണ്ണുന്ന ഷിഫ്റ്റിന്റെ ചുമതലക്കാരനുമായിരുന്നു. ബാക്കി ആറ് പേരും പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന താത്കാലിക ജീവനക്കാരാണ്.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂൺ 25-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിന് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും തങ്ങളുടെ രാജിക്കത്ത് ട്രസ്റ്റിന് സമർപ്പിച്ചിരുന്നു.

സംഭാവനക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവർ നിയമത്തിന് മുന്നിൽ വരണമെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കർശനമായ ശിക്ഷ ലഭിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

You may also like