Home Nationalചാമരാജ് നഗർ വെടിവയ്പ്പ്: പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചെന്ന് എഫ്ഐആർ; 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ചാമരാജ് നഗർ വെടിവയ്പ്പ്: പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചെന്ന് എഫ്ഐആർ; 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

by news_desk1
0 comments

ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിൽ പശുക്കളെ തെരഞ്ഞുപോയ മൂന്ന് ഗ്രാമീണർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പശുക്കളെ തെരഞ്ഞുപോയവരെ വെടിവച്ചുകൊന്നെന്നാണ് എഫ്ഐആറിൽ പറയുന്നത്.

സംഭവത്തിൽ സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി ഉറപ്പുനൽകി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

പ്രതിഷേധത്തെ തുടർന്ന് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈകിയെങ്കിലും സർക്കാരിന്റെയും മന്ത്രിയുടെയും ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും.

ഇന്നലെയാണ് ചാമരാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വെടിവയ്പ്പുണ്ടായത്. കാട്ടിനുള്ളിൽ വച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൂന്ന് പേർക്കുനേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ടവർ മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വാദം നാട്ടുകാർ നിഷേധിച്ചിരുന്നു.

വെടിവയ്പ്പ് വിവരം പുറത്തുവന്നതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

You may also like