മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു ഇതര സംസ്ഥാനക്കാരനുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി സ്വദേശി സലീം (53), പള്ളിക്കൽ ബസാർ കരുവീട്ടിൽ മുസ്തഫ (47) എന്നിവരാണ് അറസ്റ്റിലായത്.
ഒഡിഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒഡിഷയിൽ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബർ സലീമിനും മുസ്തഫയ്ക്കും കൈമാറുന്നതിനിടെയാണ് കരിപ്പൂർ ന്യൂമാൻ ജങ്ഷനിൽ വച്ച് ഇവർ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പിടിയിലായ സലീമിനെതിരെ നേരത്തെയും ലഹരിക്കടത്ത് കേസുകളുണ്ടെന്ന് എക്സൈസ് അറിയിച്ചു. 2024 മേയിൽ ആന്ധ്രപ്രദേശിലെ പാലാസ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 100 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു.
കൂടാതെ, 2004 നവംബറിൽ 40 കിലോഗ്രാം കഞ്ചാവ് കടത്തിയ സംഭവത്തിലും തമിഴ്നാട് ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി പൊലീസ് സ്റ്റേഷനിൽ സലീമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
