ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26-ന് നടന്ന അപകടത്തിന്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ ധർമേന്ദ്ര ദ്വിവേദി ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ടോൾ പ്ലാസയിലെ അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തുടരുകയാണ്.
ആദ്യം ഗ്യാസ് മേഘം, പിന്നാലെ തീഗോളം
ജൂൺ 26-ന് രാവിലെ കാൺപൂരിൽ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന രണ്ട് എൽപിജി ടാങ്കർ ലോറികൾ ഒരേസമയം ടോൾ പ്ലാസയിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഒരു ടാങ്കർ ലോറി ടോൾ പ്ലാസയിലെ ഡിവൈഡറിൽ ഇടിച്ചുകയറിയതോടെയാണ് അപകടമുണ്ടായതെന്ന് കോഖ്രാജ് പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ഡ്രൈവർ കാബിൻ ഏതാണ്ട് പൂർണമായും തകർന്നു. ഡ്രൈവർ ധർമേന്ദ്ര ദ്വിവേദിക്ക് വാഹനത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
അതിനിടെ ടാങ്കറിൽ നിന്ന് വാതകരൂപത്തിലുള്ള എൽപിജി ചോർന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രദേശമാകെ വെളുത്ത മൂടൽമഞ്ഞ് പോലെ ഗ്യാസ് വ്യാപിച്ചു. തുടർന്ന് ഉണ്ടായ തീപ്പൊരിയിൽ ഗ്യാസിന് തീപിടിക്കുകയും ടോൾ പ്ലാസ മുഴുവൻ തീ ആളിപ്പടരുകയും ചെയ്തു.
സിഹോരി ടോൾ പ്ലാസയിൽ തീപിടിത്തം പടരുന്ന വിവിധ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

