ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു.
നിർമാണത്തിനായുള്ള ഇ-ടെൻഡർ ഔദ്യോഗിക ടെൻഡർ പോർട്ടലിൽ സമയബന്ധിതമായി പ്രസിദ്ധീകരിച്ചില്ലെന്നാണ് ആരോപണം. പത്രങ്ങളിൽ ടെൻഡർ പരസ്യം നൽകിയതിന് നാല് ദിവസത്തിന് ശേഷമാണ് ഇ-ടെൻഡർ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുമ്പ് തന്നെ പദ്ധതി പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും കണ്ടെത്തിയതായി ആരോപണമുണ്ട്. ഇത് കരാറുകാരനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നതിന്റെ സൂചനയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പത്രങ്ങളിൽ നൽകിയ ടെൻഡർ വിവരങ്ങളും ഓൺലൈനിൽ പ്രസിദ്ധീകരിച്ച രേഖകളിലെ വിവരങ്ങളും തമ്മിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ടെന്നും ആരോപണമുണ്ട്.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്റെ സുതാര്യതയില്ലായ്മയെ വിമർശിച്ച അദ്ദേഹം, ടെൻഡർ നടപടികളിലെ ആശയക്കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും പിന്നിൽ ഭരണകൂടത്തിന്റെ വൻ അഴിമതിയാണോ ഭരണപരമായ കഴിവുകേടാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിസഭാ ഓഫീസുകളുടെയും മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെയും നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങൾ ഉയർന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
