Slug: coro-layoff
കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും തുടർ തീരുമാനം.
കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച പൂർത്തിയാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലാണ് ഇന്ന് യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ ഏകദേശം 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതോടൊപ്പം രണ്ട് ഓഫീസുകളും അടച്ചുപൂട്ടുകയും ചെയ്തു.
ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് പിരിച്ചുവിടൽ വിവരം അറിയുന്നത്. പിരിച്ചുവിടുന്നതിനെക്കുറിച്ച് മുൻകൂർ അറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ തൊഴിൽ മന്ത്രിയും ഉമാ തോമസ് എം.എൽ.എയും നടത്തിയ ഇടപെടലിനെ തുടർന്നാണ് കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചത്.

