Home Kerala‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വി.സി. പദവിക്ക് നിരക്കാത്തത്’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ

‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വി.സി. പദവിക്ക് നിരക്കാത്തത്’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ

by news_desk1
0 comments

തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വൈസ് ചാൻസലർ പദവിക്ക് നിരക്കാത്ത നടപടിയാണെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വീതംവെപ്പിന്റെ ഭാഗമായാണ് മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലർ സ്ഥാനത്തെത്തിയതെന്നും മന്ത്രി ആരോപിച്ചു. വൈസ് ചാൻസലർമാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടികളിൽ പങ്കെടുത്ത് പ്രത്യയശാസ്ത്രപരമായ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത് ശരിയായ നടപടിയല്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി.

കോതമംഗലം കോളേജ് വിദ്യാർഥിയുടെ മരണം

കോതമംഗലം എം.എ. കോളേജിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മുന്നോട്ടുപോകാമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നേരത്തെയും കോളേജിലെ വിദ്യാർഥികൾ തന്നെ വന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ചില പ്രായോഗിക തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് ഇറ്റാനഗറിലേക്കും മൃതദേഹം എത്തിക്കേണ്ടതുണ്ട്. വിദ്യാർഥിയുടെ നാട് ഇവിടെനിന്ന് ഏറെ ദൂരെയായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിയുന്ന എല്ലാ സഹായവും നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

കണ്ണൂർ സർവകലാശാലയിലെ ‘ഷീ ഫെസ്റ്റ്’ വിവാദം

കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്ക് അനുമതി നിഷേധിച്ചത് നിർദ്ദിഷ്ട രീതിയിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന് മന്ത്രി പറഞ്ഞു. ആരാണ് പരിപാടിയിൽ പങ്കെടുക്കുന്നത് എന്ന് നോക്കിയല്ല സർവകലാശാല നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ പരിപാടിക്കും നിശ്ചിത രീതിയിൽ മുൻകൂട്ടി അപേക്ഷ നൽകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ പ്രതിഷേധത്തിലും വിമർശനം

കാലടി സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം അപരിഷ്കൃതമായ സമരമായിരുന്നുവെന്ന് മന്ത്രി വിമർശിച്ചു. പ്രതിഷേധത്തിനിടെ വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമമുണ്ടായെന്നും വി.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ അക്രമസമരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

You may also like