Home Nationalഎക്‌സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിൽപ്പന; മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

എക്‌സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിൽപ്പന; മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

by news_desk1
0 comments

ദില്ലി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ എക്‌സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമിച്ച സംഘത്തെ ദില്ലിയിൽ പൊലീസ് പിടികൂടി. ഒഖ്ലയിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫാക്ടറി ഉടമ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായത്. മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു.

കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച ശേഷം ഒഖ്ലയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് അവയുടെ പാക്കറ്റുകളിലെ യഥാർത്ഥ എക്‌സ്പയറി ഡേറ്റ് മാറ്റുകയായിരുന്നു സംഘം ചെയ്തിരുന്നത്. തുടർന്ന് പുതിയ നിർമ്മാണ തീയതിയും നീട്ടിയ കാലാവധി തീയതിയും രേഖപ്പെടുത്തിയ വ്യാജ ലേബലുകൾ ഒട്ടിച്ച് ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിലെത്തിക്കാനായിരുന്നു ശ്രമം.

പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്ന ഈ തട്ടിപ്പിനെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കുട്ടികൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ഹോർലിക്സ്, മാഗി തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ പിടിച്ചെടുത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. പ്രതികൾ മുമ്പും സമാന രീതിയിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ടോ, ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

You may also like