Home Keralaമുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തെ അവധി

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തെ അവധി

by news_desk1
0 comments

ആലപ്പുഴ: മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

രോഗം കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 21 ദിവസത്തേക്ക് അവധി അനുവദിച്ച് ജില്ലാകളക്ടര്‍ ഉത്തരവിറക്കിയത്.

അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിദ്യാലയങ്ങളില്‍ മുണ്ടിനീര് വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് അഥവാ മുണ്ടിവീക്കം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. വായുവിലൂടെ പകരുന്ന ഈ രോഗം പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് തൊട്ടുമുമ്പും വീക്കം ആരംഭിച്ച ശേഷം നാല് മുതല്‍ ആറു ദിവസം വരെയും രോഗം പകരാന്‍ സാധ്യതയുണ്ട്.

അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ മുതിര്‍ന്നവരെയും രോഗം ബാധിക്കാം. മുതിര്‍ന്നവരില്‍ രോഗത്തിന്റെ തീവ്രത കൂടുതലായിരിക്കും.

പ്രധാന ലക്ഷണങ്ങള്‍

ചെവിയുടെ താഴെയുള്ള കവിള്‍ ഭാഗത്ത് ഒരു വശത്തോ ഇരുവശങ്ങളിലോ വീക്കം, ചെറിയ പനി, തലവേദന, വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗികള്‍ ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ടുള്ളതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുകയും വായയുടെ ശുചിത്വം ഉറപ്പാക്കുകയും വേണം.

രോഗം പകരുന്നത്

ചുമ, തുമ്മല്‍, മൂക്കില്‍നിന്നുള്ള സ്രവങ്ങള്‍, രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം എന്നിവയിലൂടെയാണ് മുണ്ടിനീര് പകരുന്നത്.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധിതര്‍ പൂര്‍ണമായി സുഖം പ്രാപിക്കുന്നതുവരെ വീട്ടില്‍ വിശ്രമിക്കണം. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും രോഗമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതിരിക്കുകയും വേണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാകാറുണ്ട്.

മുണ്ടിനീര് നിയന്ത്രിക്കാന്‍ എം.എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് 16 മുതല്‍ 24 മാസം പ്രായത്തിനിടയില്‍ എം.എം.ആര്‍ വാക്സിന്‍ നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയില്‍നിന്ന് പ്രതിരോധം ലഭിക്കും. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മുണ്ടിനീര് ബാധിച്ചവര്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ ഡോക്ടറെ സമീപിച്ച് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു.

You may also like