തിരുവനന്തപുരം: ഒരു സംഘം വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന് ഗവർണറുടെ പൂർണ പിന്തുണ. ഗവർണർ സിസാ തോമസിനെ നേരിൽ കണ്ട് സംഭവത്തെക്കുറിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ‘അറ്റ് ഹോം’ പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സിസാ തോമസുമായി കൂടിക്കാഴ്ച നടത്താൻ ഗവർണർ തന്നെ ആവശ്യപ്പെടുകയായിരുന്നു.
തനിക്കെതിരെ ദേഹോപദ്രവം ഉൾപ്പെടെയുള്ള അതിക്രമം ഉണ്ടായതായി സിസാ തോമസ് ഗവർണറെ അറിയിച്ചതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ നിർദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ചാൻസലർ ഉറപ്പ് നൽകി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസാ തോമസ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്.
അതിനിടെ, സിസാ തോമസിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയെ ഗവർണർ വിളിച്ചുവരുത്തി. ലോക്ഭവനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗവർണർ ഡിജിപിയോട് ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.
സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ഡിജിപി ഗവർണറെ വിശദീകരിച്ചു. ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തുന്നത് അപൂർവ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തനിക്ക് ദേഹോപദ്രവം ഏൽപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് സിസാ തോമസിന്റെ പരാതി. തുടർന്ന് നാല് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 13നാണ് കാലടി സർവകലാശാലയിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. സർവകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനെതിരെ ശവമഞ്ചം ഉൾപ്പെടെ കൊണ്ടുവന്നായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ വി.സി. സിസാ തോമസിനെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്കെതിരെ കയ്യേറ്റമുണ്ടായെന്ന് ആരോപിച്ച് സിസാ തോമസ് രംഗത്തെത്തിയത്. സിൻഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും അവർ ആരോപിച്ചിരുന്നു. ആദ്യം പരാതി നൽകില്ലെന്ന നിലപാടിലായിരുന്നെങ്കിലും പിന്നീട് സിസാ തോമസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
