കൊച്ചി: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയുടെ ഭാരവാഹിത്വത്തിൽ നിന്നും ചുമതലകളിൽ നിന്നും രാജി പ്രഖ്യാപിച്ച നടൻ ദേവൻ. സീറ്റ് ലഭിക്കാത്തതല്ല, പാർട്ടിയിൽ നേരിട്ട അവഗണനയിൽ മനംമടുത്താണ് രാജിവെച്ചതെന്ന് ദേവൻ പറഞ്ഞു. നേതൃത്വം തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രാജിയെടുക്കാനുള്ള തീരുമാനം ആറുമാസം മുൻപ് തന്നെ എടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജി അപ്രതീക്ഷിതമായി തോന്നാമെങ്കിലും തന്റെ കാര്യത്തിൽ അതല്ലെന്ന് ദേവൻ പറഞ്ഞു. ഏറെ ആലോചിച്ചാണ് ആറുമാസം മുമ്പ് തീരുമാനം എടുത്തത്. രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ ബിജെപി നേതൃത്വവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നേതാക്കളെ ലഭിച്ചില്ലെന്നും അയച്ച സന്ദേശങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“പാർട്ടിയിൽ എന്തെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നയാളാണെങ്കിൽ എല്ലാം സഹിച്ച് കടിച്ചുതൂങ്ങി നിൽക്കാം. എനിക്ക് അങ്ങനെ സഹിക്കാൻ കഴിയില്ല. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുമ്പോൾ ഞാൻ ആരാണെന്ന് മനസ്സിലാക്കേണ്ടത് നേതൃത്വമാണ്. സ്ഥാനമോഹിയായി ചാടിക്കയറി ബിജെപിയിലേക്ക് വന്നയാളല്ല ഞാൻ. എനിക്ക് പ്രവർത്തിക്കാൻ ഒരു സംവിധാനവും സ്പേസും വേണം,” ദേവൻ പറഞ്ഞു.
ബിജെപി ഏറെ തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയ പാർട്ടിയാണെന്നും ഹിന്ദുക്കൾക്കിടയിൽ പോലും പാർട്ടിയെക്കുറിച്ച് ഭയവും ആശങ്കയുമുണ്ടെന്നും ദേവൻ ആരോപിച്ചു. അത് മാറ്റിയെടുക്കാതെ കേരളത്തിൽ ബിജെപിക്ക് ശക്തമായ അടിത്തറ ഒരുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചപ്പോൾ തന്റെ ഉത്തരവാദിത്തം എന്താണെന്ന് നേതൃത്വത്തോട് ചോദിച്ചിരുന്നുവെന്നും എന്നാൽ അതിന് മറുപടി ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു. പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനമില്ലെന്നും ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെങ്കിലും സ്വന്തം പാർട്ടിയിൽ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഏത് സീറ്റ് വേണമെന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ തന്നെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പിന്നീട് മനസിലായെന്നും ദേവൻ പറഞ്ഞു. അത് തനിക്ക് വ്യക്തമായി അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിലാണ് ദേവൻ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ നിലപാട് വേറെയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് രാജിയെന്നും തീരുമാനം നാലഞ്ച് മാസം മുമ്പ് തന്നെ എടുത്തിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2004ൽ ദേവൻ ‘നവകേരള പീപ്പിള്സ് പാർട്ടി’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു.
