Home NationalESIC നഴ്സുമാരുടെ നിർബന്ധിത വാർഷിക സ്ഥലംമാറ്റ നയം പുനഃപരിശോധിക്കണം; കേന്ദ്ര തൊഴിൽ മന്ത്രിക്ക് IPNAയുടെ നിവേദനം

ESIC നഴ്സുമാരുടെ നിർബന്ധിത വാർഷിക സ്ഥലംമാറ്റ നയം പുനഃപരിശോധിക്കണം; കേന്ദ്ര തൊഴിൽ മന്ത്രിക്ക് IPNAയുടെ നിവേദനം

by news_desk1
0 comments

ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലെ (ESIC) നഴ്സിംഗ് ജീവനക്കാർക്കുള്ള നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം അടിയന്തരമായി പുനഃപരിശോധിച്ച് മാനുഷിക പരിഗണനകളോടെ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (IPNA) കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്ക് നിവേദനം സമർപ്പിച്ചു.

ESICയുടെ ഭരണപരമായ ആവശ്യങ്ങൾ അംഗീകരിക്കുന്നുവെങ്കിലും നിലവിലെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം നഴ്സുമാർക്ക് കടുത്ത വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായും, ഇത് ESIC ആശുപത്രികളിലെ ആരോഗ്യസേവനത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതായും നിവേദനത്തിൽ IPNA ചൂണ്ടിക്കാട്ടി.

ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതോടൊപ്പം കുടുംബങ്ങളെ വേർപെടുത്തുകയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണം ദുഷ്കരമാക്കുകയും ചെയ്യുന്നു. ഈ സമ്മർദം നഴ്സുമാരുടെ മാനസികാരോഗ്യത്തെയും ക്ലിനിക്കൽ തീരുമാനമെടുക്കലിനെയും പ്രതികൂലമായി ബാധിക്കുകയും രോഗിസുരക്ഷയ്ക്കും ESICയുടെ അടിയന്തര സേവനങ്ങൾക്കും വെല്ലുവിളിയാകുകയും ചെയ്യുന്നതായി അസോസിയേഷൻ വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരുടെ അനാവശ്യ സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സ്ട്രാറ്റജിക് ഡയറക്ഷൻസ് ഫോർ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറി 2021–2025 ശുപാർശ ചെയ്യുന്നതും നിവേദനത്തിൽ എടുത്തുകാട്ടിയിട്ടുണ്ട്.

18 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളവർ, ഒറ്റ രക്ഷിതാക്കൾ, ഭിന്നശേഷിക്കാരുടെ പരിചാരകർ, ഗുരുതര രോഗബാധിതർ എന്നിവരെ നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും, പകരം സ്വമേധയുള്ള അപേക്ഷ, അനുകമ്പ, മെഡിക്കൽ ആവശ്യങ്ങൾ, യഥാർഥ കുടുംബപരമായ കാരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥലംമാറ്റം നടപ്പാക്കണമെന്നും IPNA ആവശ്യപ്പെട്ടു.

നഴ്സുമാരിൽ 90 ശതമാനത്തിലധികം പേരും സ്ത്രീകളായതിനാൽ തൊഴിൽ സ്ഥിരതയും കുടുംബ ഉത്തരവാദിത്തങ്ങളും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സമീപനം AGT നയത്തിൽ ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന 30.09.2009-ലെ DoPT ഉത്തരവും സ്ത്രീസൗഹൃദ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കണമെന്ന ദേശീയ വനിതാ നയം 2016-ഉം നിവേദനത്തിൽ പരാമർശിച്ചിട്ടുണ്ട്. അനുകമ്പയും ആരോഗ്യകാരണങ്ങളും അടിസ്ഥാനമാക്കിയുള്ള സ്ഥലംമാറ്റത്തിന് ESIC നയത്തിൽ നിലവിൽ തന്നെ വ്യവസ്ഥകളുണ്ടെന്നും IPNA ഓർമ്മിപ്പിച്ചു.

ഈ നയപരിഷ്കാരം നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും മാനസിക സമ്മർദം ലഘൂകരിക്കാനും ESIC ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, തൊഴിൽ മന്ത്രാലയ സെക്രട്ടറി, എം.പി. എൻ.കെ. പ്രേമചന്ദ്രൻ, ESIC ഡയറക്ടർ ജനറൽ, മെഡിക്കൽ കമ്മീഷണർ എന്നിവർക്കും നിവേദനത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

‘നാരീശക്തി’, ‘വനിതാ ശാക്തീകരണം’, ‘കുടുംബക്ഷേമം’, ‘തൊഴിൽ-ജീവിത സന്തുലനം’ എന്നീ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിനും ഇൻഷ്വർ ചെയ്ത കോടിക്കണക്കിന് തൊഴിലാളികൾക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനും AGT നയത്തിന്റെ സമയബന്ധിതമായ പുനഃപരിശോധന അനിവാര്യമാണെന്ന് IPNA വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.

You may also like