ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ – ഗ്രാമീൺ (വിബി-ജി റാം ജി) പദ്ധതിയിലൂടെ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിലയിരുത്തൽ.
പുതിയ നിയമപ്രകാരം ഏറ്റവും കുറഞ്ഞ ദിവസക്കൂലി 300 രൂപയായി ഉയർത്തിയതോടെ സംസ്ഥാനങ്ങളുടെ ആകെ തൊഴിലുറപ്പ് ചെലവ് 21 ശതമാനം വർധിച്ച് 86,271 കോടി രൂപയാകുമെന്നാണ് കണക്കുകൾ. മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് കേന്ദ്ര സർക്കാർ നൂറ് ശതമാനം വഹിച്ചിരുന്നുവെങ്കിലും, പുതിയ സംവിധാനത്തിൽ 60 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.
പദ്ധതി നടപ്പാക്കുന്നതിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പുതിയ ഫണ്ട് പങ്കിടൽ രീതിയും കർശന നിബന്ധനകളും കാരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ സാമ്പത്തിക സമ്മർദം നേരിടുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമം മൂലം തമിഴ്നാടിന് മാത്രം 5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് നൽകണമെന്നും മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
സാമ്പത്തിക ഭാരം കാരണം തമിഴ്നാട് തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം 16.4 ശതമാനവും ആന്ധ്രാപ്രദേശ് 9.1 ശതമാനവും വെട്ടിക്കുറച്ചു. കേരളം 4,150 കോടി രൂപയുടെ വിഹിതം പഴയപടി തുടരുകയും കർണാടകയും തുക വർധിപ്പിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.
മറുവശത്ത് മഹാരാഷ്ട്രയാണ് പദ്ധതിക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ തുക, 21,208 കോടി രൂപ, വകയിരുത്തിയത്. ഇത് രാജ്യത്തെ ആകെ വിഹിതത്തിന്റെ ഏകദേശം നാലിലൊന്നാണ്.
പശ്ചിമ ബംഗാൾ പദ്ധതിക്കുള്ള വിഹിതം അഞ്ചിരട്ടിയായി വർധിപ്പിച്ചപ്പോൾ ഒഡീഷ തുക ഇരട്ടിയാക്കി. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയർത്തി.
അതേസമയം ഉത്തരേന്ത്യയിൽ മധ്യപ്രദേശും ബിഹാറും തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറച്ചതായും ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നു.

